കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം പത്തിന്

Posted on: October 5, 2019 5:55 pm | Last updated: October 5, 2019 at 5:55 pm


കോഴിക്കോട്: കേരളത്തിൽ ആദർശ പ്രസ്ഥാനത്തിന് ആവേശമായി പിറവിയെടുത്ത കേരള മുസ്‌ലിം ജമാഅത്ത് നാലാം വർഷത്തിലേക്ക്.

നാലാം വാർഷികം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മുസ്‌ലിം സമുദായത്തിന്റെ നാനോന്മുഖ വികസനത്തിനും ശാക്തീകരണത്തിനുമായി സമസ്തയുടെ ബഹുജന മുഖമായി 2015 ഒക്‌ടോബർ 10നാണ് കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരിക്കപ്പെട്ടത്.

നാലാമത് സ്ഥാപകദിനമായ ഈ മാസം 10 ന് എല്ലാ യൂനിറ്റുകളിലും ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിക്കും.
പതാക ഉയർത്തൽ, സംഘടനാ ആസ്ഥാനങ്ങളും ഓഫീസുകളും പതാകകൾ പ്രദർശിപ്പിച്ചു അലങ്കരിക്കുക, അവശത അനുഭവിക്കുന്ന രോഗികളെയും വയോധികരെയും സന്ദർശിക്കുക, മൺമറഞ്ഞ സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും ഖബറിടങ്ങൾ സന്ദർശിക്കുക, അനുസ്മരണം നടത്തുക, മുസ്‌ലിം ജമാഅത്ത് വിഭാവനം ചെയ്യുന്ന ആദർശവും സമാധാന സന്ദേശവും ജനങ്ങൾക്ക് പകർന്ന് കൊടുക്കുക, പ്രതിജ്ഞ പുതുക്കുക തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യോഗത്തിൽ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി , കെ പി അബൂബക്കർ മൗലവി പട്ടുവം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എം എൻ സിദ്ദീഖ് ഹാജി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, എൻ അലി അബ്ദുല്ല, സി പി സൈതലവി സംബന്ധിച്ചു.