Connect with us

National

ജലവിതരണം, വിദ്യാഭ്യാസ സഹകരണമടക്കം ഏഴ് കരാറുകളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു. ഡല്‍ഹിയില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജലവിതരണം, വിദ്യാഭ്യാസം, തീരദേശ സുരക്ഷ, യുവജനക്ഷേമം, തുടങ്ങിയ മേഖലയിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള മൂന്ന് പ്രൊജക്ടുകളും ബംഗ്ലാദേശ് പ്രധാനമന്ത്രി അവതരിപ്പിച്ചു.

ബംഗ്ലാദേശുമായുള്ള സഹകരണത്തിന് ഇന്ത്യ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശുമായി 12 പദ്ധതികളിലാണ് ഇന്ത്യ ധാരണയായതെന്നും കൂടിക്കാഴ്ചക്ക് ശേഷം മോദി പ്രതികരിച്ചു.
കടല്‍ സുരക്ഷ, ആണവഊര്‍ജം, വ്യാപാരം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഏറെ മെച്ചപ്പെട്ടെന്ന് ഷെയ്ഖ് ഹസീനയും വ്യക്തമാക്കി.
നാലു ദിവസ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയിലും പങ്കെടുത്തിരുന്നു.

 

Latest