Connect with us

National

അശോക് തന്‍വന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ സംസ്ഥാന യൂണിറ്റ് മേധാവി അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്‍വര്‍ രാജിക്കത്തയക്കുകയായിരുന്നു. കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് കാരണം രാഷ്ട്രീയ എതിരാളികളല്ല, പാര്‍ട്ടിക്കുള്ളിലെ ഗുരുതരമായ പ്രശ്‌നങ്ങളാണെന്നും കത്തില്‍ പറയുന്നു.

“നിരവധി മാസത്തെ ആലോചനകള്‍ക്ക് ശേഷം, എന്റെ വിയര്‍പ്പില്‍ നിന്നും രക്തത്തില്‍ നിന്നും ഞാന്‍ വളര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നു. എന്റെ പോരാട്ടം വ്യക്തിപരമല്ല, മറിച്ച് പഴയ പാര്‍ട്ടിയെ നശിപ്പിക്കുന്ന സംവിധാനത്തിനെതിരെയാണ്” – കത്തില്‍ പറയുന്നു.

രാജിവച്ചതിന്റെ കാരണങ്ങള്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും നന്നായി അറിയാം, പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനേരം ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും തന്‍വര്‍ പറഞ്ഞു.

ഒക്ടോബര്‍ 21 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് തന്‍വാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബുധനാഴ്ച സോണിയാ ഗാന്ധിയുടെ 10 ജനപഥ് വസതിക്ക് പുറത്ത് പരസ്യമായി അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു. ഹരിയാന കോണ്‍ഗ്രസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ അദ്ദേഹം പാര്‍ട്ടിയുമായി ഇടഞ്ഞാണ് നിന്നിരുന്നത്.

Latest