Connect with us

National

മെട്രോ കാര്‍ ഷെഡിന് മരം മുറിച്ചതിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: മുംബൈ മെട്രോക്ക് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി അറേ കോളനിയില്‍ വ്യാപകമായി മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച 29 പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 23 പുരുഷന്മാരെയും ആറ് സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വക്താവ് ഡിസിപി പ്രണായ അശോക് സ്ഥിരീകരിച്ചു.

മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധം നടത്തുകയും വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ ആക്രമിക്കുകയും ചെയ്തതാണ് അറസ്റ്റിന് കാരണമെന്ന് അശോക് പറഞ്ഞു. അറസ്റ്റിലായ പ്രതിഷേധക്കാരെ ശനിയാഴ്ച ഉച്ചയ്ക്ക് ബോറിവാലിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതേസമയം, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 144 ലെ വ്യവസ്ഥകള്‍ പ്രകാരം ആരേയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ അറേയിലെ മരങ്ങള്‍ മുറിച്ച് തുടങ്ങിയത്. മരം മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി മരം മുറിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി ആളുകള്‍ ഒത്തുകൂടി. ഇതോടെ പോലീസ് ഇവരെ നീക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

200ഓളം മരങ്ങള്‍ ഇവിടെ നിന്നും മുറിച്ചു മാറ്റിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഒക്‌ടോബര്‍ പത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി മരങ്ങള്‍ മുറിച്ച് നീക്കാനാണ് മെട്രോ അധികൃതരുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു.

Latest