Connect with us

Kerala

ഏഴാമതൊരാളെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു; കൊലപാതക പരമ്പര തീര്‍ത്തത് ഒറ്റക്കെന്ന് ജോളി

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരിയ്ക്ക് അടുത്ത് കൂടത്തായിയില്‍ ഒരേ കുടുംബത്തിലെ ആറ് പേരെ 14 വര്‍ഷത്തെ ഇടവേളകളിലായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി ജോളി ഏഴാമതൊരു കൊലപാതകത്തിന് പദ്ധതിയിട്ടെങ്കിലും പാളിപ്പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോലീസിന് നല്‍കിയ മൊഴിയിലാണ് ജോളി ഇക്കാര്യം പറയുന്നത്. മരിച്ച മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെന്‍ജിയെക്കൂടി കൊലപ്പെടുത്താനാണ് ജോളി ശ്രമിച്ചത്. എന്നാല്‍ പദ്ധതി പാളിപ്പോവുകയായിരുന്നു.

ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയെയും, ഷാജുവിന്റെ പിതാവിനേയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. ഇവരെ എല്ലാവരെയും പലയിടങ്ങളിലായി തെളിവെടുപ്പ് നടത്തിയ പോലീസ് ഇപ്പോള്‍ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ജോളിയെ ചോദ്യം ചെയ്യുകയാണ്.

അതേ സമയം കൊലപാതകങ്ങളെല്ലാം താന്‍ മാത്രമാണ് ചെയ്തതെന്നാണ് ജോളി പോലീസിനോട് പറയുന്നത്. തന്റെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജു സ്‌കറിയയ്ക്ക് ഇതില്‍ പങ്കില്ലെന്ന് ജോളി ആവര്‍ത്തിക്കുന്നു. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു സ്‌കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.2016ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു.

ജോളിയ്ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ മാത്യു അകന്ന ബന്ധുവാണ്.എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിശദമായ വിവരങ്ങള്‍ ഇനിയും പോലീസ് പുറത്തുവിട്ടിട്ടില്ല.