Connect with us

Kerala

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: മുഖ്യപ്രതി ജോളിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, ഇവരുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു, മറ്റൊരു സ്വര്‍ണ്ണ പണിക്കാരന്‍ പ്രജുകുമാര്‍
എന്നിവരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷക സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ജോളിയും മാത്യുവും
കുറ്റസമ്മതം നടത്തിയതായാണ് സൂചന.ജോളിക്ക് സയനൈഡ് നല്‍കിയത് താനാണെന്ന് മാത്യു കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.
മരിച്ച ആറ് പേരുടേയും ശരീരത്തില്‍ സയനൈഡിന്റെ നേരിയ അംശങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. ഈസാഹചര്യത്തില്‍ വിഷം ഉള്ളില്‍ ചെന്നാണ് ഇവര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനാണ് സയനൈഡ് എത്തിച്ചതെന്നാണ് കരുതുന്നത്

ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു മരണപരമ്പര തീര്‍ക്കാന്‍ പ്രതികളെ
പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. അന്വേഷണ തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് മൊഴി ലഭിച്ചിട്ടുണ്ട്.

അതെസമയം ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ടോം തോമസിന്റെ കുടുംബത്തിലെ ചിലരുടെ നിര്‍ദേശപ്രകാരം വ്യാജ വില്‍പത്രമുണ്ടാക്കിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. കുറ്റസമ്മതമുള്ള സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന കഴിയുംവരെ കാത്തിരിക്കേണ്ടെന്നും തീരുമാനിക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.