Connect with us

Techno

കെ എസ് ഇ ബിയിൽ നിന്ന് ഇനി ഇന്റർനെറ്റ് കണക്ഷനും

Published

|

Last Updated

സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്ന് വൈദ്യുതി കണക്ഷന് പുറമേ ഇനി ഇന്റർനെറ്റ് കണക്ഷനും. ആറ് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) എന്ന പേരിൽ കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും വൈദ്യുതി ബോർഡും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. 1,028 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് കേരളത്തിൽ കെഫോണിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.

കെഫോൺ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ 30,000ത്തോളം വരുന്ന സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നെറ്റ്്വർക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി പി എൽ കുടുംബങ്ങൾക്കും (20 ലക്ഷത്തോളം) സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്്ഷന് അപേക്ഷ നൽകുന്നവർക്ക് അപ്പോൾ തന്നെ ഇന്റർനെറ്റ് കൂടി ലഭ്യമാക്കും.

വൈദ്യുതി ബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ 220 കെ വി സബ്‌സ്റ്റേഷനുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്്വർക്കിൽ ബന്ധിപ്പിച്ചു. 110 കെ വി, 66 കെ വി സബ്‌സ്റ്റേഷനുകൾ കൂടി ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

771 സെക്ഷൻ ഓഫീസുകളിലും ഒ എഫ് സി കണക്ഷനുകൾ എത്തിക്കുന്നതോടെ വൈദ്യുതി ലൈനുകൾ ഉപയോഗപ്പെടുത്തി ഒ എഫ് സി കേബിളുകൾ എളുപ്പത്തിലെത്തിക്കാനാകും.

2016ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതിക തടസ്സങ്ങൾ പദ്ധതി വൈകിച്ചു.
വൈദ്യുതി ബോർഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ എസ് ഇ ബി കെഫോൺ വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറക്കും.

---- facebook comment plugin here -----

Latest