Connect with us

Kerala

വെള്ള കാര്‍ഡ് ഉടകമകള്‍ക്കുള്ള മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ചു

Published

|

Last Updated

കൊച്ചി: രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനയിതര വിഭാഗത്തില്‍പെട്ടവരുടെ (എന്‍ പി എന്‍ എസ്-വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡ്) മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിച്ചു. 2020 മാര്‍ച്ച് വരെ മണ്ണെണ്ണ മുടക്കമില്ലാതെ ലഭിക്കും.കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ നിര്‍ത്തലാക്കിയ മണ്ണെണ്ണയാണ് പുനഃസ്ഥാപിച്ചത്. ഇതോടെ എല്ലാ വിഭാഗത്തിലുമുള്ള കാര്‍ഡുടമകള്‍ക്ക് ഇനി മണ്ണെണ്ണ കിട്ടും.

വൈദ്യുതിയുള്ള കാര്‍ഡിന് അര ലിറ്ററും വൈദ്യുതിയില്ലാത്തവയ്ക്ക് നാലുലിറ്ററും നല്‍കും. ലിറ്ററിന് 37 രൂപയാണ് ഈടാക്കുക. ഒക്‌ടോബര്‍, നവംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമാണ് 37 രൂപനിരക്കില്‍ സബ്‌സിഡി മണ്ണെണ്ണ ലഭിക്കുക. ഡിസംബര്‍, മാര്‍ച്ച് മാസങ്ങളില്‍ നോണ്‍ സബ്‌സിഡി മണ്ണെണ്ണ 45 രൂപ നിരക്കില്‍ ആയിരിക്കും വെള്ള കാര്‍ഡുകള്‍ക്കു വിതരണം ചെയ്യുക. ഇതിനായി 9264 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു.

ഒക്‌ടോബര്‍ മാസത്തില്‍ വെള്ളകാര്‍ഡിന് കിലോക്ക് 10.90 നിരക്കില്‍ 10 കിലോ അരിയും ലഭിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അരി ഏഴ് കി.ഗ്രാം മാത്രമായിരുന്നു ലഭിച്ചത്. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടുകിലോ അരി കിലോയ്ക്ക് നാലുരൂപ നിരക്കില്‍ നല്‍കും. ലഭ്യതയ്ക്കനുസരിച്ച് രണ്ടു കിലോ മുതല്‍ മൂന്നു കിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. വെള്ള കാര്‍ഡുകാര്‍ക്കും ഇതേ രീതിയിലായിരിക്കും ആട്ട നല്‍കുക. ചുവപ്പ് കാര്‍ഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും രണ്ടുരൂപ നിരക്കില്‍ കൊടുക്കും. മഞ്ഞ കാര്‍ഡുകാര്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുംസൗജന്യമായി നല്‍കും.

Latest