സാംസങ് ഗാലക്‌സി ഫോള്‍ഡ് പ്രീ ബുക്കിംഗ് തുടങ്ങി

Posted on: October 4, 2019 5:56 pm | Last updated: October 4, 2019 at 5:56 pm

ന്യൂഡല്‍ഹി: മടക്കി ഉപയോഗിക്കാവുന്ന വലിയ സ്‌ക്രീനോട് കൂടിയ സാംസങ് ഗാലക്‌സി ഫോള്‍ഡിന്റെ മുന്‍കൂര്‍ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസങ് ഇന്ത്യ ഇഷോപ്പിലൂടെയും മറ്റ് വിവിധ ചാനലുകളിലൂടെയും ഗാലക്‌സി ഫോള്‍ഡ് ബുക്ക് ചെയ്യാം. ഈ ആഴ്ച ആദ്യമാണ് ഗാലക്‌സി ഫോള്‍ഡ് രാജ്യത്ത് അവതരിപ്പിച്ചത്.

7.3 ഇഞ്ച് ഫ്‌ലെക്‌സിബിള്‍ ഡിസ്‌പ്ലേ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ മടക്കാവുന്ന ഫോണാണ് ഗാലക്‌സി ഫോള്‍ഡ്. ആറ് ക്യാമറകള്‍, 12 ജിബി റാം, 512 ജിബി സ്‌റ്റോറേജ് തുടങ്ങിയവ ഗാലക്‌സി ഫോള്‍ഡിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

12 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,64,999 രൂപയാണ് ഇന്ത്യയില്‍ വില. പ്രീമിയം കോസ്‌മോസ് ബ്ലാക്ക് നിറത്തില്‍ ഈ ഫോണ്‍ ലഭ്യമാണ്. ഗാലക്‌സി ഫോള്‍ഡിനായുള്ള പ്രീബുക്കിംഗ് സാംസങ് ഇന്ത്യ ഇഷോപ്പ് വഴിയും ബെംഗളൂരുവിലെ സാംസങ് ഓപ്പറ ഹൗസ് ഉള്‍പ്പെടെ 35 നഗരങ്ങളിലായി 315 ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ലഭ്യമാണ്. ബുക്ക് ചെയ്തവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ഫോണ്‍ വിതരണം ചെയ്ത് തുടങ്ങും.