Connect with us

Eduline

ഡിസൈന്‍ ഉപരിപഠനത്തിന് 'സീഡ്'

Published

|

Last Updated

രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഡിസൈന്‍ ഉപരിപഠനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (സീഡ്–2020) പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഐ ഐ ടി ബോംബെ പ്രസിദ്ധീകരിച്ചു. ഡിസൈന്‍ രംഗത്ത് എംഡിസ്, പി എച്ച് ഡി പഠനത്തിനുള്ള സീഡിന് ഒക്ടോബര്‍ ഒമ്പത് മുതല്‍ നവംബര്‍ ഒമ്പത് വരെ ഓണ്‍ലൈനായി www.ceed.iitb.ac.in ല്‍ അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസ് നല്‍കി നവംബര്‍ 16 വരെ അപേക്ഷിക്കാം. രണ്ട് ഭാഗങ്ങളുള്ള മൂന്ന് മണിക്കൂര്‍ പരീക്ഷ ജനുവരി 18ന് രാവിലെ 10 മുതല്‍ ഒന്നു വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അഡ്മിറ്റ് കാര്‍ഡ് ജനുവരി ഒന്നു മുതല്‍ ലഭിക്കും. പരീക്ഷാ ഫലം മാര്‍ച്ച് നാലിന് പ്രസിദ്ധീകരിക്കും.

ബിരുദം, 3 വര്‍ഷ ഡിപ്ലോമ, പി ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2020 ജൂലൈയില്‍ ഫൈനല്‍ പരീക്ഷയെഴുതിയാലും മതി. അഞ്ച്് വര്‍ഷ ജി ഡി ആര്‍ട്‌സ് ഡിപ്ലോമ 2020 ജൂലൈയില്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാനാകും. പ്രത്യേക പ്രായപരിധിയില്ലെന്നതിനാല്‍ എത്ര തവണയും എഴുതാം. സീഡ് സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലായിരിക്കും. അഭിരുചിയാണ് അപേക്ഷിക്കാനുള്ള പ്രധാനഘടകം.

രണ്ട് ഭാഗങ്ങളായാണ് പരീക്ഷ നടക്കുക. പാര്‍ട്ട് എയില്‍ ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ഒബ്‌ജക്ടീവ് ടൈപ്പ് പരീക്ഷ. പൊതുവിജ്ഞാനം, ദൃശ്യവിശകലനം, യുക്തിവിശകലനം, രൂപകല്‍പന, ഭാഷാശേഷി എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വെര്‍ച്വല്‍ കീപാഡ് ഉപയോഗിച്ച് ചെയ്യേണ്ട ഗണിതചോദ്യങ്ങളുമുണ്ടാകും.

പാര്‍ട്ട് ബിയില്‍ രണ്ട് മണിക്കൂര്‍ എഴുത്തുപരീക്ഷ. ഡിസൈന്‍, ഡ്രോയിംഗ് അഭിരുചി, ആശയ വിനിമയം, നിര്‍ധാരണ ശേഷി എന്നിവ വിലയിരുത്തും. കമ്പ്യൂട്ടറിലെ ചോദ്യങ്ങള്‍ക്ക് പ്രത്യേക ബുക്കിലാണ് ഉത്തരമെഴുതേണ്ടത്. അതേസമയം പാര്‍ട്ട് എയില്‍ നിശ്ചിത മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ട് ബി ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തൂ. പാര്‍ട്ട് ബിയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സീഡ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കേരളത്തില്‍: എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലാണ് അപേക്ഷാ കേന്ദ്രങ്ങള്‍. 2600 രൂപയാണ് പരീക്ഷാഫീസ്, പെണ്‍കുട്ടികള്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 1300 രൂപ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ +912225764063/9093/9094. എന്നീ നമ്പറുകളിലും ഇ മെയില്‍: ceed@iitb.ac.in, വെബ്‌സൈറ്റ് : www.ceed.iitb.ac.in സൈറ്റുകളിലും ലഭിക്കും.

Latest