Connect with us

Editorial

ഉദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തു വരട്ടെ

Published

|

Last Updated

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്ന നടപടി അധികൃതര്‍ തുടരുകയാണ്. പുനരധിവാസം ഉറപ്പാക്കാതെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന് ചില ഫ്‌ളാറ്റുടമകള്‍ വാശി പിടിക്കുകയും രണ്ടാഴ്ച കൂടി സമയം നീട്ടിത്തരണമെന്നാവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും കോടതി അനുവദിച്ച സമയം അവസാനിച്ചതിനാല്‍ ഇനിയും സമയം നീട്ടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് അധികൃതര്‍. അതേസമയം, കുടിയൊഴിയുന്ന പല ഫ്‌ളാറ്റുടമകളും പകരം താമസ സ്ഥലം ലഭിക്കാത്തതിനാല്‍ ധര്‍മ സങ്കടത്തിലുമാണ്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പൊളിക്കാന്‍ ഉത്തരവിട്ട പല ഫ്‌ളാറ്റുകളും ഒന്നേകാല്‍ കോടി മുതല്‍ മൂന്ന് കോടി രൂപക്ക് വരെയാണ് താമസക്കാര്‍ വാങ്ങിയത്. കോടതിയില്‍ ഇതിനകം വിധിയായത് 25 ലക്ഷത്തിന്റെ താത്കാലിക നഷ്ട പരിഹാരം മാത്രവും.
തീരദേശ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള കോടതി തീരുമാനം ഫ്‌ളാറ്റുടമകളെ പെരുവഴിയിലാക്കുമ്പോള്‍, ഫ്‌ളാറ്റുകളുടെ അനധികൃത നിര്‍മാണത്തിനു വഴിയൊരുക്കിയ പലരും സുരക്ഷിതരായി കഴിയുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരടിലെ വിവാദ ഫ്‌ളാറ്റുകളടക്കം തീരദേശ നിയമം കാറ്റില്‍ പറത്തി പല കെട്ടിടങ്ങളും പണിതതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് 2016ല്‍ ലോകായുക്തക്ക് സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍കിടക്കാരുടെ അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നപ്പോഴും സാധാരണക്കാരെ തീരദേശ പരിപാലന നിയമം പറഞ്ഞ് അധികൃതര്‍ ബുദ്ധിമുട്ടിച്ചതായും വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയ ആള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭരണ പ്രമുഖര്‍ക്കും പങ്കുണ്ട് ഈ അഴിമതിയില്‍. കായലോരത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കായലില്‍ നിന്ന് 300 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിയമം. പൊളിക്കാന്‍ ഉത്തരവ് നല്‍കിയ ഫ്‌ളാറ്റുകള്‍ക്ക് കായലില്‍ നിന്ന് 11 മീറ്ററും 12 മീറ്ററും 14 മീറ്ററുമൊക്കെ അകലമേ ഉള്ളൂ. തീരദേശ നിമയം പാലിക്കാത്ത കെട്ടിടങ്ങളുടെ രൂപരേഖ വരച്ചു കൊടുക്കാന്‍ അനുമതിയില്ല. മരട് ഗ്രാമപഞ്ചായത്തായിരുന്ന ഘട്ടത്തില്‍ 2006ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. അനുമതി നല്‍കുന്നതിനു മുമ്പ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണത്തിന് അനുയോജ്യമാണോ സ്ഥലമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുണ്ടായില്ല. തീരദേശങ്ങളില്‍ നിര്‍മാണാനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകള്‍ തീരദേശ പരിപാലന അതോറിറ്റിക്കു കൈമാറിയ ശേഷം അവരുടെ സമ്മതത്തോടെയായിരിക്കണം പഞ്ചായത്തുകള്‍ അനുമതി നല്‍കേണ്ടത്. മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ അതുമുണ്ടായില്ല.
അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ഒരു താക്കീതെന്ന നിലയിലായിരിക്കാം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതും അതിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹരജികള്‍ നിഷ്‌കരുണം തള്ളിയതും. ഇതുകൊണ്ടു മാത്രമായില്ല, ഇത്തരം കെട്ടിടങ്ങള്‍ ഉയര്‍ന്നു വരാന്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് എല്ലാ സഹായ സഹകരണങ്ങളും ഒത്താശയും ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്തണം. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ കണ്ണടക്കാന്‍ ലക്ഷങ്ങളാണ് ഫ്‌ളാറ്റ് ഉടമകള്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലിയായി നല്‍കിയത്.

കൊച്ചിയിലെ കായലോരത്ത് പ്രകൃതി സൗന്ദര്യം കണ്ടാസ്വദിച്ചു കൊണ്ടുള്ള സുന്ദരമായൊരു ജീവിതം ആഗ്രഹിച്ച് ഒരായുസ്സിന്റെ സമ്പാദ്യം ചെലവഴിച്ച് ഫ്‌ളാറ്റ് വാങ്ങിയവരുടെ സ്വപ്‌നങ്ങള്‍ കോടതി വിധിയില്‍ തകര്‍ന്നപ്പോള്‍, ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒന്നുമറിയാത്ത മട്ടില്‍ സുഖജീവിതം നയിക്കാനിട വരുന്നത് നീതിയുടെ താത്പര്യങ്ങള്‍ക്ക് കടക വിരുദ്ധമാണ്. അനധികൃത നിര്‍മാണത്തിന്റെ പാപഭാരം അവരും കൂടി പേറേണ്ടതുണ്ട്. അവര്‍ക്കു നേരെ കൂടി നീളേണ്ടതാണ് നീതിയുടെ കരങ്ങള്‍. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുരുക്കിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് മകന്റെ പേരില്‍ മൂന്നര കോടി രൂപയുടെ സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ട് കോടിയും കള്ളപ്പണമാണെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതുപോലെ മരട് ഫ്‌ളാറ്റിന്റെ പേരില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ അനധികൃത പണത്തിന്റെ കണക്കും പുറത്തു വരണം. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട കോടതി ഈ ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിയുടെ കൂടി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടതാണ്.

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പുറമെ എറണാകുളം ജില്ലയിലെ 24 കെട്ടിടങ്ങളുടെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കണക്കെടുപ്പില്‍ വന്‍കിട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, വാണിജ്യക്കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി നൂറുകണക്കിന് കെട്ടിടങ്ങള്‍ ചട്ടം ലഘിച്ചു നിര്‍മിച്ചതായി വ്യക്തമായിട്ടുണ്ട്. അഴിമതിയുടെ മുകളിലാണ് ഇവയുടെ നിര്‍മാണം. കേരളത്തെ അഴിമതി മുക്തമാക്കുമെന്നും ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഓരോ സര്‍ക്കാറും അധികാരമേല്‍ക്കാറുള്ളത്. പിണറായി സര്‍ക്കാറും നല്‍കിയിട്ടുണ്ട് ഈ വാഗ്ദാനം. ഉദ്യോഗസ്ഥ അഴിമതിയെക്കുറിച്ച് പരാതിപ്പെടാന്‍ ഫോര്‍ ദി പീപ്പിള്‍സ് എന്ന ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുന്നതില്‍ സര്‍ക്കാറിനും നീതിന്യായ മേഖലക്കും സംഭവിക്കുന്ന പരാജയമാണ് ഇതിന് കാരണം.

Latest