Connect with us

Kasargod

യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്; പണം തട്ടിയ കേസിൽ ഒരാൾ റിമാൻഡിൽ

Published

|

Last Updated

കാസർകോട്: യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി നിരവധി പേരെ സുഹൃത്തുക്കളാക്കുകയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ശറഫുദ്ദീനെ (29) കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാൾ പിടിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരുടെ അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതിയിൽ നിന്ന് 13 എ ടി എം കാർഡുകളും 13 പാസ്ബുക്കുകളും പിടിച്ചെടുത്തു. എ ടി എം കാർഡുകളുടെ പാസ് വേർഡുകൾ എഴുതിയ പ്രിന്റ് ഔട്ടും രണ്ട് സിം കാർഡുകളും ഫോണുകളും കണ്ടെടുത്തു. മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുർറസാഖിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അബ്ദുർറസാഖിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശറഫുദ്ദീൻ ഓൺലൈൻ മാർക്കറ്റിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് റാസിഖിനെ കൊണ്ട് മംഗളൂരുവിൽ ബേങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യിപ്പിച്ചു.
തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണിലേക്ക് ലോട്ടറി അടിച്ചെന്നും പറയുന്ന തുക ബേങ്കിൽ നിക്ഷേപിച്ചാൽ പണം ലഭിക്കുമെന്നും വ്യാജ സന്ദേശം അയച്ച് പലരിൽ നിന്നായി ഇയാൾ പണം തട്ടിയെടുത്തു. പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ പേരിൽ അക്കൗണ്ട് തുടങ്ങിയത്. ഇയാളുടെ സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താൻ പോലീസ് വലവിരിച്ചിട്ടുണ്ട്. ഇതേ രീതിയിൽ 100 ഓളം ബേങ്ക് അക്കൗണ്ടുകൾ ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ശറഫുദ്ദീൻ എടുത്തതായി പോലീസ് പറയുന്നു.
തട്ടിപ്പിന്റെ സൂത്രധാരൻ മലപ്പുറം സ്വദേശിയാണെന്ന് ചോദ്യം ചെയ്യലിൽ ശറഫുദ്ദീൻ മൊഴി നൽകി. ശറഫുദ്ദീന് പുറമേ നിരവധി ഏജന്റുമാരും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ബീഹാർ, ഡൽഹി, ഫൈസാബാദ് എന്നിവിടങ്ങളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇടനിലക്കാർ ഉള്ളതായാണ് വിവരം.

---- facebook comment plugin here -----

Latest