Connect with us

National

മഹാരാഷ്ട്രയിലും ഹരിയാനയിലും വിമതപ്പേടിയിൽ ബി ജെ പി

Published

|

Last Updated

മുംബൈ/ ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം കൂടി ശേഷിക്കേ അവശേഷിക്കെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി ജെ പി ക്യാമ്പിൽ വിമത നീക്കം തകൃതി.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിമന്യു പവാറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒരു സംഘം ബി ജെ പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

ലാതൂരിലാണ് കൂറ്റൻ പ്രകടനം നടന്നത്. സമാന രീതിയിലുള്ള പ്രകടനമാണ് ശിവസേനാ പ്രവർത്തകർ നവി മുംബൈയിൽ നടത്തിയത്. നവി മുംബൈയിലെ രണ്ട് സീറ്റുകളും ബി ജെ പിക്ക് നൽകിയതിൽ പ്രതിഷേധിച്ച് നിരവധി നേതാക്കളാണ് ശിവസേനയിൽ നിന്ന് രാജിവെച്ചത്. ശിവസേന സിറ്റി യൂനിറ്റ് അധ്യക്ഷൻ വിജയ് നഹ്ത മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശിവസേനാ പ്രവർത്തകർ.
നാസിക്കിലെ മൂന്ന് മണ്ഡലങ്ങളും ബി ജെ പിക്ക് നൽകിയതിലും ശിവസേനക്കുള്ളിൽ അമർഷമുണ്ട്. നേതാക്കൾ നേരിട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാസിക് ഈസ്റ്റ് മണ്ഡലം ബി ജെ പിക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പത്രിക നൽകുമെന്ന് ശിവസേനാ നേതാവ് വിലാസ് ഷിൻഡെ പ്രഖ്യാപിച്ചു. ഇവിടെ ബി ജെ പിയിലെ സീമാ ഹീരെയാണ് ബി ജെ പി- ശിവസേനാ സഖ്യ സ്ഥാനാർഥി.

അതിനിടെ, നാസിക് സെൻട്രലിൽ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി നേതാവ് വസന്ത് ഗീതെ പാർട്ടി വിട്ട് എം എൻ എസിൽ ചേർന്നു. നാസിക് വെസ്റ്റിലെ സിറ്റിംഗ് എം എൽ എയും ഇത്തവണ സീറ്റ് തനിക്ക് നൽകാത്തതിൽ അമർഷത്തിലാണ്.

ഹരിയാനയിൽ സ്ഥാനാർഥി പട്ടിക വന്നതോടെ, സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. രൺധീർ ഗോലാൻ എന്ന ബി ജെ പി നേതാവ് പുന്തരി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി മനോഹർലാൽഖട്ടറും അദ്ദേഹത്തിന് ചുറ്റുമുള്ള ഏതാനും നേതാക്കളുമാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കരുക്കൾ നീക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Latest