Connect with us

National

കർണാടകയിൽ എൻ ആർ സി നടപ്പാക്കാൻ നീക്കം

Published

|

Last Updated

ബെംഗളൂരു: കർണാടകയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ സർക്കാർ നീക്കം. സംസ്ഥാനത്ത് കുടിയേറി താമസിക്കുന്നവരുടെ കണക്കുകൾ സംസ്ഥാന സർക്കാർ ശേഖരിച്ചുവരികയാണെന്നും വൈകാതെ തന്നെ രജിസ്റ്റർ തയ്യാറാക്കുമെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതിന് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അസമിലെ ബി ജെ പി സർക്കാർ ഇക്കാര്യത്തിൽ നടത്തിയ നീക്കം സുപ്രീം കോടതി വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കർണാടകയിലും കണക്കെടുപ്പ് നടത്താൻ സർക്കാർ നീക്കം ആരംഭിച്ചിരിക്കുന്നത്.
അതിർത്തി കടന്ന് ചിലർ കർണാടകയിലെത്തി താമസമാക്കിയിട്ടുണ്ട്. ഇതിൽ ചിലർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.

ഒരാഴ്ചക്കകം നിർണായക തീരുമാനം സർക്കാർ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിൽ ആദ്യമായിട്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പ് രണ്ട് യോഗങ്ങൾ ചേർന്നുവെന്ന് കഴിഞ്ഞദിവസം ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. അതേസമയം, സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബി ജെ പി സർക്കാറിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രളയം കർണാടകക്ക് വൻ ദുരിതമാണ് സമ്മാനിച്ചത്. പ്രളയക്കെടുതിക്ക് ഇരയായവർക്ക് ആശ്വാസമെത്തിക്കാനാണ് സർക്കാർ ശ്രദ്ധ ചെലുത്തേണ്ടതെന്നും എൻ ആർ സി കാര്യമായ ചർച്ചക്ക് വിധേയമാക്കേണ്ട ദേശീയ വിഷയമാണെന്നും ജെ ഡി എസ് വക്താവ് തൻവീർ അഹമ്മദ് പറഞ്ഞു.

രാജ്യത്ത് അസമിൽ മാത്രമാണ് എൻ ആർ സി നടപ്പാക്കിയത്. അതിനെതിരെ അവിടത്തെ ബി ജെ പി ഘടകം തന്നെ രംഗത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിൽ എൻ ആർ സി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻ ആർ സി നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിലപാട് എടുത്തതിന് പിന്നാലെയാണ് അമിത് ഷാ ബംഗാളിൽ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

Latest