Connect with us

Alappuzha

കോന്നിയിൽ നിസ്സഹകരണം; അരൂരിൽ വിമത നീക്കം; പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം

Published

|

Last Updated

UDF
തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായി തിരഞ്ഞെടുപ്പിന്റെ യഥാർഥ ചിത്രം വ്യക്തമായിട്ടും കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പടരുകയാണ്. കോന്നിക്ക് പിന്നാലെ അരൂരിലും യൂത്ത് കോൺഗ്രസ് പ്രദേശിക നേതാക്കളുടെ വിമത നീക്കമാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.

കോന്നിയിൽ മുൻ എം എൽ എ ഉൾപ്പെടെയുള്ള നേതാക്കളുടെ നിസ്സഹകരണം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുമ്പോൾ അരൂരിലെ വിമത നീക്കം പാർട്ടിയെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പ്രദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അതൃപ്തിക്ക് പിന്നാലെയാണ് അരൂരിൽ യൂത്ത് കേൺഗ്രസ് നേതാക്കൾ പരസ്യ വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായ യുവതിയെ മുന്നിൽ നിർത്തിയാണ് വിമത നീക്കം.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകനാണ് അരൂരിൽ സ്വതന്ത്രയായി ഷാനിമോൾ ഉസ്മാനെതിരെ മത്സരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സ്വദേശിയാണ് ഗീത. യുവാക്കളുടെ പ്രാതിനിധ്യം തടഞ്ഞുകൊണ്ട് ഷാനിമോൾ ഉസ്മാനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും പാർട്ടിയുടെ യുവജന വിരുദ്ധ നിലപാടിനെ തുടർന്നാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്നതിനുള്ള പ്രധാന കാരണമെന്നുമാണ് ഇവരുടെ വിശദീകരണം. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഗീത വിമത സ്ഥാനാർഥിയായി രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്.

ശബരിമല വിഷയവും ബി ജെ പി- സി പി എം വോട്ട് മറിക്കൽ ആരോപണവും ഉന്നയിച്ച് നേതാക്കൾ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമ്പോഴും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ യു ഡി എഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ മുൻ എം എൽ എമാരുടെ നിസ്സഹകരണം സ്ഥാനാർഥികളുടെ പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുെമന്നതും ആശങ്കയുണർത്തുന്നതാണ്. അടൂർ പ്രകാശിനോട് അടുപ്പമുള്ള പ്രവർത്തകർ കോന്നിയിൽ മോഹൻ രാജിന്റെ പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെന്ന പരാതി ഡി സി സി ഉന്നയിച്ചിട്ടുണ്ട്. അതിന് സമാനമാണ് ഇപ്പോൾ അരൂരിലെയും അവസ്ഥ. അരൂർ സ്വദേശികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ് അരൂർ പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരെ തഴഞ്ഞതിൽ യുവജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയാണുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് എസ് രാജേഷിന്റെ പേരാണ് അരൂരിൽ സജീവമായി പരിഗണിച്ചിരുന്നത്. അതിനിടയിലാണ് കോന്നിയിലെ സമവാക്യത്തിനായി എ – ഐ ഗ്രൂപ്പുകൾ വെച്ചുമാറിയത്. ഇതിൽ യുവാക്കൾക്കിടയിലും ജില്ലാ നേതൃത്വത്തിനും കാര്യമായ എതിർപ്പുണ്ട്.

വിമത സ്ഥാനാർഥി പാർട്ടി സജീവ പ്രവർത്തകയല്ലെന്ന് പറഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിരോധിക്കുന്നത്. എന്നാൽ ഇവർക്ക് അരൂരിലെ പ്രവർത്തകരുടെ മൗന പിന്തുണയുണ്ട്. പത്രിക പിൻവലിക്കൽ അവസാനിക്കും മുന്പ് പ്രശ്‌നം ഒത്തു തീർക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് കെ പി സി സി നേതൃത്വം. എന്നാൽ ഇതിൽ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം