Connect with us

Kannur

യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച് റെയിൽവേ

Published

|

Last Updated

കണ്ണൂർ: തൃശൂർ- കണ്ണൂർ പാസഞ്ചർ യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച് റെയിൽവേ. തൃശൂരിൽ നിന്ന് കണ്ണൂർ വരെ പോകുന്ന 56603 പാസഞ്ചർ ട്രെയിനിലെ യാത്രക്കാരെയാണ് മിക്ക ദിവസവും രണ്ടും മൂന്നും മണിക്കൂർ വൈകിയോടി റെയിൽവേ ബുദ്ധിമുട്ടിലാക്കുന്നത്. തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കും മറ്റും ദിനേന ജോലിക്കായി വരുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ട്രെയിനാണിത്. രാവിലെ 5.55ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് 6.50 ഓടെ ഷൊർണൂരിലും 9.05 ന് കോഴിക്കോട്ടും എത്തുമെന്നതിനാൽ ചെറിയ സ്റ്റേഷനുകളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്. 7.20ന് ഷൊർണൂരിലും 8.42ന് കോഴിക്കോട്ടുമെത്തുന്ന സൂപ്പർ ഫാസ്റ്റ് വണ്ടി മാത്രമാണ് ഇതിനിടയിൽ ഈ റൂട്ടിൽ ഓടുന്നത്. ഇവക്ക് ഇടക്ക് തിരൂരിൽ മാത്രമെ സ്റ്റോപ്പുള്ളു. 8.30ന് ഷൊർണൂരിലും 9.57ന് കോഴിക്കോട്ടുമെത്തുന്ന കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസിനും തിരൂരും പരപ്പനങ്ങാടിയിലും മാത്രമേ സ്റ്റോപ്പുള്ളു.

ഓഫീസ് സമയത്തിന് മുമ്പ് കോഴിക്കോട്ടെത്താമെന്നത് പാസഞ്ചർ ട്രെയിൻ ജീവനക്കാർക്ക് ആശ്വാസമാണ്. എന്നാൽ മിക്ക ദിവസങ്ങളിലും 10 മണിക്കോ അതിനു ശേഷമോ ആണ് ട്രെയിൻ കോഴിക്കോട്ടെത്തുന്നത്. ഈ ട്രെയിൻ കോഴിക്കോട്ടെത്താൻ അൽപ്പം താമസിച്ചാൽ കൊങ്കൺ വഴിക്കുള്ള സൂപ്പർഫാസ്റ്റ് വണ്ടിയും കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റിയും കടന്നുപോകാനായി ഒന്നോ രണ്ടോ തവണ പിടിച്ചിടും. കോഴിക്കോട്ടെത്തുന്നതാകട്ടെ പത്ത് മണി കഴിഞ്ഞും. ഇത് ഓഫീസ് ജീവനക്കാർക്കും മറ്റ് ജോലിക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കോഴിക്കോട്ട് നിന്ന് വല്ലപ്പോഴെങ്കിലും പത്ത് മണിക്ക് പാസഞ്ചർ പുറപ്പെട്ടാൽ തന്നെ ഇന്റർസിറ്റിക്ക് കടന്നുപോകാൻ വേണ്ടി കൊയിലാണ്ടിയിലോ തിക്കോടിയിലോ പിടിച്ചിടാറാണ് പതിവ്. വൈകിയോടുന്ന മറ്റ് വണ്ടികൾക്കോ ഗുഡ്‌സുകൾക്കോ കടന്നുപോകേണ്ടതുണ്ടെങ്കിൽ പിടിച്ചിടുന്ന സമയം മണിക്കൂറുകൾ പിന്നിടും. തുടർന്ന് എറണാകുളത്തു നിന്ന് കണ്ണൂരിലേക്ക് പോകുന്ന ഇന്റർസിറ്റി കടന്നുപോയാൽ മാത്രമേ പാസഞ്ചറിന് മോചനം ലഭിക്കാറുള്ളു. 11.30ന് കണ്ണൂരിലെത്തേണ്ട വണ്ടി ഒന്നിനും ഒന്നരക്കുമാണ് എത്തുന്നത്. ഇതുകാരണം കോഴിക്കോട് പിന്നിട്ടാൽ വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമേ ഇതിൽ കയറാറുള്ളൂ.
ട്രെയിനിന്റെ വൈകിയോട്ടത്തിനെതിരെ പരാതിപ്പെട്ടാൽ ഒന്നും ചെയ്യാനില്ലെന്ന രീതിയിൽ കൈമലർത്തുകയാണ് റെയിൽവേ അധികൃതർ.

Latest