Connect with us

Malappuram

ഹജ്ജ്- 2020 ഒരുക്കം തുടങ്ങി

Published

|

Last Updated

കൊണ്ടോട്ടി: അടുത്ത വർഷത്തെ ഹജ്ജിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് അപേക്ഷ ഈ മാസം 15 മുതൽ സ്വീകരിക്കും. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതു മുതൽ ഹാജിമാരുടെ മടക്കയാത്ര വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും സമയബന്ധിതമായി നടക്കുന്നത് ഹാജിമാർക്ക് ഏറെ ആശ്വാസം ലഭിക്കും. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഹജ്ജ് അപേക്ഷ പൂരിപ്പിച്ചു നൽകുന്നതിനും ഹജ്ജ് യാത്രാ സംബന്ധമായ വിവരങ്ങൾ അപ്പപ്പോൾ കൈമാറുന്നതിനും ഹജ്ജ് െട്രയിനർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

ഹജ്ജ് ഹൗസ് ജീവനക്കാർക്ക് പുറമേ താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതു മൂലം അര ലക്ഷത്തിലധികം വരുന്ന അപേക്ഷകൾ പോലും നിശ്ചിത സമയത്തിനകം ഡാറ്റാ എൻട്രി നടത്തുന്നതിനും നേരത്തേ തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറുന്നതിനും സാധ്യമാവും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സമയബന്ധിത പ്രവർത്തനങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഏറെ ആശ്വാസമാണ് നൽകുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ കേരള ഹജ്ജ് കമ്മിറ്റിക്ക് പ്രത്യേക പ്രശംസ ലഭിക്കുന്നതിനു പുറമെ കേരളത്തിന്റെ പ്രവർത്തനം മറ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മാതൃകയാക്കണമെന്നും കേന്ദ്രം നിർദേശിക്കാറുണ്ട്. അടുത്ത വർഷം വിശുദ്ധ ഭൂമിയിലേക്ക് തിരഞ്ഞെടുക്കുന്ന വളണ്ടിയർമാർക്ക് ഉറുദു ഭാഷ അറിഞ്ഞിരിക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന ഹജ്ജ് കമ്മിറ്റി നടപ്പാക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയർമാർക്ക് ഉറുദു ഭാഷാ പരിശീലനം നൽകുന്നതിനുള്ള നടപടിയും ഹജ്ജ് കമ്മിറ്റി സ്വീകരിച്ചു വരുന്നുണ്ട്.

അതേസമയം കണ്ണൂരിലും ഹജ്ജ് യാത്രക്ക് അനുമതി നൽകണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയോട് ആവശ്യപ്പെട്ടത് വടക്കൻ കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സ്വാഗതം ചെയ്തു. കഴിഞ്ഞ തവണ ഹജ്ജിന് അവസരം ലഭിച്ചവരിൽ 1,158 പേർ കണ്ണൂരിൽ നിന്നും 2917 പേർ കോഴിക്കോട് നിന്നും 911 പേർ കാസർകോട് നിന്നും 297 പേർ വയനാട് നിന്നുമുള്ളവരായിരുന്നു. വടക്കൻ കേരളത്തിൽ നിന്ന് ഏകദേശം 5,000 പേരാണ് പ്രതിവർഷം കരിപ്പൂർ വഴി ഹജ്ജിനു പുറപ്പെടുന്നത്.

കോഴിക്കോട് ജില്ലയിൽ വടകരക്ക് അപ്പുറത്തുള്ളവർക്ക് കണ്ണൂരിലേക്കായിരിക്കും ദൂരക്കുറവ്. കണ്ണൂരിൽ എംബാർക്കേഷൻ അനുവദിക്കുന്നതോടെ കരിപ്പൂരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഹജ്ജ് ക്യാമ്പ് പകുതി ദിവസമായി കുറക്കുന്നതിനും പുറമെ കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നുമുള്ള പ്രായമായ ഹാജിമാർക്ക് നൂറ് കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ട അവസ്ഥയും ഇല്ലാതാകും. കണ്ണൂരിൽ ഹജ്ജ് എംബാർക്കേഷൻ അനുവദിക്കുകയാണെങ്കിൽ കരിപ്പൂരിലും കൊച്ചിയിലുമെന്ന പോലെ കണ്ണൂരിലും കുറ്റമറ്റ ഹജ്ജ് ക്യാമ്പ് നടത്താൻ സാധിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest