Connect with us

Articles

ഇതാ, വാടകക്ക് ഒരു ഹൃദയം

Published

|

Last Updated

ഗൗരവാനന്ദന്റെ മകളുടെ വിവാഹം ഓര്‍മയുണ്ടാകുമല്ലോ. ഒരുപാട് വര്‍ഷമായി. അന്ന് പന്തലിട്ടത് അമ്മദ് ഹാജിയുടെ പറമ്പിലായിരുന്നു. നാരായണന്‍ നായരാണ് കവുങ്ങും കഴുക്കോലും നല്‍കിയത്. പുര മേയാനുള്ള ഓല പന്തലിടാന്‍ നല്‍കിയത് അബൂബക്കര്‍ തന്നെ. അതെ, ഇപ്പോള്‍ ടൗണില്‍ കട നടത്തുന്ന ഗൗരവാനന്ദന്റെ അയല്‍വാസി. നാട്ടുകാര്‍ ഒത്തു ചേര്‍ന്ന് പന്തലൊരുക്കി.

കുടിവെള്ള ക്ഷാമമുള്ള കാലമായിരുന്നു. കിലോമീറ്ററുകള്‍ അകലെ നിന്ന് വെള്ളം നാട്ടുകാര്‍ ചുമന്ന് കൊണ്ടു വരികയായിരുന്നു. സദ്യക്ക് ആവശ്യമായ തേങ്ങ അയല്‍വാസികളുടെ തെങ്ങുകളില്‍ നിന്ന്. പാത്രങ്ങള്‍ അപ്പുറത്തെ തറവാട്ടു വീട്ടില്‍ നിന്ന്. പെണ്ണുങ്ങള്‍ അമ്മിയിലിട്ട് തേങ്ങ അരച്ചു. താളത്തില്‍ നാടന്‍ പാട്ടുകളും. പാചകമോ, കൃഷ്‌ണേട്ടനും കൂട്ടരും. എല്ലാം കഴിച്ചു കൂട്ടി സന്തോഷത്തോടെ നാട്ടുകാര്‍ പിരിഞ്ഞു.
അതൊരു കാലം. പിന്നെ വാടകക്കായി കാര്യങ്ങള്‍. കസേരയും മേശയും വന്നു. വാടക നല്‍കണം. ടാര്‍പായയായി മേല്‍ക്കൂര. തുണി പന്തല്‍ ഇല്ലെങ്കില്‍ എന്തു വിവാഹം? ഇതൊക്കെ നാട്ടുകാര്‍ വലിച്ചു കെട്ടി. പാചകം നാട്ടുകാര്‍ തന്നെ.

നാട്ടുകാരുടെ കൈയില്‍ കാശ് വന്നു. ഗള്‍ഫ്. പണിക്കാര്‍ക്ക് നല്ല കൂലി കിട്ടി. ചിലര്‍ സര്‍ക്കാര്‍ ജോലിക്കാരുമായി. വാടകക്കാരുടെ കാലമായി. എല്ലാം അവര്‍ കൊണ്ടു വരും. കല്യാണം കഴിഞ്ഞാല്‍ അവര്‍ തന്നെ കൊണ്ടു പോയ്‌ക്കൊള്ളും. നമ്മളൊന്നും നോക്കേണ്ടതില്ല. പണം കൈയിലുണ്ടായാല്‍ മതി. സ്വസ്ഥം, സുഖം.
എല്ലാം വാടകക്കാര്‍ തന്നെ നോക്കി നടത്തുന്ന കാലമായി. വെള്ളം കൊടുക്കാന്‍ വാടകക്ക് രണ്ട് പേര്‍. ഇവിടെ ആരെയും കിട്ടുമെന്ന് തോന്നുന്നില്ല. കുട്ടികളാണെങ്കില്‍ മൊബൈലിലായിരിക്കും. എല്ലാവരെയും ശ്രദ്ധിക്കാന്‍ അവര്‍ക്കായെന്ന് വരില്ല. ഭക്ഷണം വിളമ്പാനും വേണം വാടകക്ക്. നല്ല കോട്ടും സൂട്ടുമൊക്കെ ആകട്ടെ. റോഡില്‍ രണ്ടോ മൂന്നോ സെക്യൂരിറ്റിക്കാരും. വഴിയിലൂടെ പോകുന്നവര്‍ കാണട്ടെ.

ഇനിയിപ്പോള്‍ അതിഥികളെ സ്വീകരിക്കാന്‍ വാടകക്ക് ആളെ വേണ്ടി വരുമോ എന്നാണ്. ഗേറ്റ് കടന്നു വരുന്നവരെ കൈപിടിച്ചു കുലുക്കാനും കൊച്ചു വര്‍ത്തമാനം പറയാനും ഒന്നു രണ്ടു പേര്‍. വീട്ടുകാരന്‍ കസേരയില്‍ ഇരുന്നാല്‍ മാത്രം മതി. എല്ലാം ഈ വാടക സ്വീകരണക്കാരന്‍ നോക്കി കൊള്ളും. കാത്തിരിക്കുക, അതും വന്നുകൂടായ്കയില്ല.
രാഘവേട്ടന്‍ ഒന്നും നോക്കിയില്ല. കല്യാണമണ്ഡപം ബുക്ക് ചെയ്തു. ഭക്ഷണം വാടകക്കാരന്. അവസാനം ബില്ലെത്രയായെന്ന് പറഞ്ഞാല്‍ മതി.

രാഷ്ട്രീയക്കാര്‍ വാടക പരിപാടി പണ്ടേ തുടങ്ങിയതാണ്. ലക്ഷം ലക്ഷം പിന്നാലെയെന്ന് പറയും. ആളുണ്ടാകില്ല. വാടകക്കെടുക്കാന്‍ ആളുണ്ട്. ഏജന്റിനെ കണ്ടാല്‍ മതി. ആവശ്യത്തിന് ആളുകളെ എത്തിച്ചു തരും. പരിപാടി ഗംഭീരം. ഏജന്റിനും പരിപാടി ഗംഭീരം!
വാടക ഗര്‍ഭ പാത്രങ്ങള്‍ പണ്ടേയുണ്ട്. ഇപ്പോള്‍ വാടകക്ക് രോഗികളെയും കിട്ടുമത്രേ. കുടുംബശ്രീക്കാരാണ് രോഗികളായി അഭിനയിക്കുന്നത്. 200 രൂപ കൊടുത്താല്‍ മതി. ഏത് വിഭാഗത്തിലെയും കട്ടിലില്‍ കിടക്കും. പനി മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ. ഇന്‍ജക്ഷന്‍ പാടില്ല, മരുന്നും ഗുളികയും കുടിപ്പിക്കരുത്. സമ്മതിച്ചു. പക്ഷേ, രോഗിയുടെ മുഖഭാവം വേണം. ഇടക്കിടെ ഞരങ്ങുകയും മൂളുകയും വേണം. ഇതൊക്കെയായിരിക്കും കണ്ടീഷന്‍സ്!
ഇങ്ങനെയും നടന്നേക്കാം. കാര്‍ഡിയോളജി വിഭാഗത്തിലേക്ക് നഴ്‌സ് വരുന്നു. കൈയില്‍ ഇന്‍ജക്ഷന്‍ സൂചി. വാടക രോഗി പേടിച്ചു.

ഇന്‍ജക്ഷന്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. വാടക ഹൃദ്രോഗിയാണ്. രോഗി നഴ്‌സിന്റെ ചെവിയില്‍ മന്ത്രിച്ചു.
പേടിക്കാനില്ല, ഞാനും വാടകക്കാണ്. കുത്തിവെപ്പ് അഭിനയിച്ചു പോയാല്‍ മതി. വൈകുന്നേരമായാല്‍ കാശ് കൈയില്‍ കിട്ടും.