യാത്രാ നിരോധനം: പ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് രാഹുല്‍ ഗാന്ധി

Posted on: October 4, 2019 9:19 am | Last updated: October 4, 2019 at 1:56 pm

സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്-കൊല്ലഗല്‍
766 ദേശീയ പാതയില്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന യുവജന സംഘടനാ പ്രതിനിധികളെ വയനാട് എം പി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാവിലെ ഒമ്പതിനാണ് അദ്ദേഹം സമരപ്പന്തലിലെത്തിയത്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രതിസന്ധികളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും നടക്കേണ്ടതുണ്ട്. ഒരുപാട് ആളുകളെ ബാധിക്കുന്ന പ്രശ്‌നമായി യാത്രാ നിരോധനം മാറിയിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഇതിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയത്തെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബത്തേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമരക്കാരെ അദ്ദേഹം സന്ദര്‍ശിക്കുകയും അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. എന്‍ എച്ച് 766 ട്രാന്‍സ്പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

സമരം ആരംഭിച്ചതിനു ശേഷം ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചത്. രാത്രി യാത്രാ നിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.