Connect with us

Eranakulam

മരട്: സമയപരിധി അവസാനിച്ചു; ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞില്ല, പുനരധിവാസത്തിന് ഒരു കോടി രൂപ

Published

|

Last Updated

കൊച്ചി: പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് വൈകീട്ടോടെ അവസാനിച്ചു. വൈകീട്ട് അഞ്ച് മണിവരെയായിരുന്നു ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ഔദ്യോഗികമായി അനുവദിച്ച സമയപരിധിയെങ്കിലും രാത്രിയും ആളുകള്‍ പൂര്‍ണമായും വാസസ്ഥലം ഒഴിഞ്ഞിട്ടില്ല. അതിനിടെ, ഒഴിഞ്ഞു പോവാനുള്ള സമയപരിധി അനൗദ്യോഗികമായി അര്‍ദ്ധരാത്രി വരെ നീട്ടി നല്‍കിയതായി അറിയിപ്പു വന്നത് ധൃതി പിടിച്ച് ഒഴിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നവര്‍ക്ക് അല്‍പം ആശ്വാസമായി.

ഫ്ളാറ്റുകളില്‍ നിന്ന് ഇതുവരെ 243 ഉടമകള്‍ ഒഴിഞ്ഞിട്ടുണ്ട്. 83 കുടുംബങ്ങള്‍ ഇനിയും ഒഴിയാനുണ്ട്. ഫ്ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഉടൻ വിച്ഛേദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. എല്ലാവരും ഒഴിയാന്‍ തയ്യാറായിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യമായ സഹായം നല്‍കും. വേറെ ഫ്ളാറ്റ് കിട്ടാത്തവര്‍ക്ക് അതിനുള്ള സഹായം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

ആല്‍ഫാ ഫ്ളാറ്റില്‍ ആകെ 73 കുടുംബങ്ങളിൽ 52 കുടുംബങ്ങള്‍ ഒഴിഞ്ഞു. 21പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഹോളി ഫെയ്ത്തില്‍ 90 കുടുംബങ്ങളുള്ളതില്‍ 72 പേര്‍ ഒഴിഞ്ഞു. 18 പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിൽ ആകെ 40 കുടുംബങ്ങളുള്ളതില്‍ 36 പേര്‍ ഒഴിഞ്ഞു. നാലു കുടുംബം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ജയിന്‍ ഫ്ളാറ്റിൽ 122 കുടുംബങ്ങള്‍ താമസമുള്ളതില്‍ 83 കുടുംബങ്ങള്‍ ഒഴിഞ്ഞു. 39പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്ന് ഇതിനുള്ള തുക അനുവദിച്ചത്.

മരടിലെ 16 മുതല്‍ 19 നിലകള്‍ വരെയുള്ള ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ നിന്നും കഴിഞ്ഞ നാലു ദിവസങ്ങളിലായി താമസക്കാരുടെ ഒഴിഞ്ഞുപോക്കു തുടരുകയായിരുന്നു. ഒഴിയാന്‍ രണ്ടാഴ്ചത്തെ കൂടി സമയം അനുവദിക്കണമെന്ന താമസക്കാരുടെ ആവശ്യം വ്യാഴാഴ്ച ഉച്ചയോടെ അധികൃതര്‍ പാടെ തള്ളി. ഫ്‌ളാറ്റൊഴിയാന്‍ ഇനിയും കൂട്ടാക്കിയില്ലെങ്കില്‍ വൈദ്യുതിയും മറ്റും വൈകിട്ട് അഞ്ച് മണിയോടെ വീണ്ടും വിച്ഛേദിക്കും എന്ന മുന്നറിയിപ്പും ഉണ്ടായി. അധികൃതര്‍ നിലപാടു കടുപ്പിച്ചതോടെ എത്രയും വേഗം തന്നെ ഒഴിയുക എന്നതിലപ്പുറം ഉടമകള്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളില്ലാത്ത അവസ്ഥയായി.

അതിനിടെ സാധനസാമഗ്രികള്‍ മുഴുവന്‍ മാറ്റാന്‍ സമയം നീട്ടിനല്‍കണമെന്ന ഉടമകളുടെ ആവശ്യം അധികര്‍ പരിഗണിക്കുകയും ചെയ്തു.ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി തുടങ്ങുന്ന പതിനൊന്നുവരെയാണ് ഇതിനായി സാവകാശം നല്‍കിയത്. ഇക്കാലയളവില്‍ ആള്‍താമസം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകളുടെ സാധനസാമഗ്രികള്‍ മാറ്റുന്നതിന് വേണ്ടി മാത്രമാണ് ഈ സാവകാശം അനുവദിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.

Latest