Connect with us

International

പാരീസ് പോലിസ് ആസ്ഥാനത്ത് ആക്രമണം; നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സെന്‍ട്രല്‍ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കത്തിയുമായി എത്തിയ അക്രമി പോലീസുകാരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ആസ്ഥാനത്ത് തന്നെ ജോലി ചെയ്തിരുന്ന കുറ്റവാളിയെ സംഭവസ്ഥലത്ത് വെച്ച് പോലീസ് വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.

നോട്രെ ഡാം കത്തീഡ്രലിനടുത്തുള്ള കെട്ടിട സമുച്ഛയത്തിലാണ് ആക്രമണം നടന്നത്. ഒരു ഓഫീസില്‍ നിന്ന് തുടങ്ങിയ ആക്രമണം പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ചുറ്റുമുള്ള പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. പ്രാദേശിക മെട്രോ സ്റ്റേഷന്‍ അടച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്, ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനര്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പാരീസ് പോലീസ് ആസ്ഥാനമായ കെട്ടിടത്തില്‍ 20 വര്‍ഷത്തിലേറെ ജോലി ചെയ്തിരുന്ന 45 കാരനാണ് ആക്രമണകാരി എന്ന് പോലീസ് യൂണിയന്‍ വക്താവ് പറഞ്ഞു. ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് നേരത്തെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

കുറഞ്ഞ വേതനത്തിനും നീണ്ട തൊഴില്‍ സമയത്തിനുമെതിരെ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ പാരീസില്‍ മാര്‍ച്ച് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. അടുത്ത കാലത്തായി ഫ്രാന്‍സിലെ തീവ്രവാദികള്‍ ഫ്രഞ്ച് പോലീസിനെ ആവര്‍ത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട്. 2017 ല്‍, ഒരു തോക്കുധാരി ചാംപ്‌സ്എലിസീസ് ബൊളിവാര്‍ഡിന് നേരെ വെടിയുതിര്‍ക്കുകയും ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.