Connect with us

Kerala

പാവറട്ടിയിലെ കസ്റ്റഡി മരണം: കൊലപാതക സംശയമുയര്‍ത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

തൃശൂര്‍: കഞ്ചാവുമായി പിടിയിലായ യുവാവ് എക്‌സൈസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന സൂചനകളുമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കും മുതുകിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. ശരീരത്തില്‍ 12-ലേറെ ക്ഷതങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മലപ്പുറം തിരൂര്‍ കൈമലശേരി തൃപ്പംകോട് കരുമത്തില്‍ രഞ്ജിത് കുമാര്‍ (40) ആണ് കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഗുരുവായൂരില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി രഞ്ജിത്തിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. അവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വാഹനത്തില്‍ വെച്ച് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കുഴഞ്ഞ് വീണുവെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിട്ടുണ്ടെന്ന് രഞ്ജിത്തിനെ ആദ്യം പരിശോധിച്ച ഡോക്ടര്‍ പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നു. ഇത് അബോധാവസ്ഥയിലായ പ്രതിയെ ഉണര്‍ത്താന്‍ ദേഹത്ത് വെള്ളം തളിച്ചതാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. പുറത്തും തോളെല്ലിന് താഴെയുമായി മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു.

ഇതനുസരിച്ച് പാവറട്ടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. കസ്റ്റഡി മരണമാണെന്ന സംശയം ബലപ്പെട്ടതോടെ ബുധനാഴ്ചയാണ് ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്തു. മര്‍ദനമേറ്റാണെന്ന് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രാഥമിക വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ പാവറട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.

ഒന്നിലേറെ കഞ്ചാവു കേസുകളില്‍ പ്രതിയായ രഞ്ജിത്ത് ഗുരുവായൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. നാല് കിലോ കഞ്ചാവുമായി ഇതേ സ്‌ക്വാഡ് തന്നെ രഞ്ജിത്തിനെ മുമ്പും പിടികൂടിയിട്ടുണ്ട്.