Connect with us

Ongoing News

ഇവിടെ ഇതാ ഒരു പെൺകുട്ടി നിങ്ങളെ വെല്ലുവിളിക്കുന്നു

Published

|

Last Updated

“ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ? ഞാൻ പറയുന്ന ഭാഷക്ക് കുഴപ്പം ഒന്നും ഇല്ലലോ ? മൈക്ക് ഓൺ തന്നെ അല്ലെ ? ഇതൊക്കെ കണ്ടിട്ട് എനിക്ക് വലിയ സംശയം തോന്നുന്നു. കഴിഞ്ഞ ആറ് മാസമായി ഞാൻ മണിക്കൂറുകൾ ചെലവഴിച്ച് യൂറോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിലും ബസിലും ഇലക്ട്രിക്ക് കാറിലും സഞ്ചരിച്ച് ഈ സന്ദേശം ഉച്ചത്തിൽ പറയാൻ ശ്രമിക്കുന്നു. പക്ഷേ, ആരും പിന്നെ അതേപ്പറ്റി സംസാരിച്ചു കണ്ടില്ല. ഒരു മാറ്റവും കണ്ടില്ല. ഈ സമയം കൊണ്ട് കാർബൺ പുറന്തള്ളലിന്റെ തോത് വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു.”

കഴിഞ്ഞ ദിവസം ലോകം മുഴുവൻ ശ്രദ്ധിച്ചുകേട്ട ഒരു കൊച്ചുപെൺകുട്ടിയുടെ പ്രസംഗമാണിത്. ഈ സ്വീഡീഷ് സമരനായികയുടെ പേര് ഗ്രെറ്റ തൻബെർഗ്. പറഞ്ഞതൊക്കെയും പരിസ്ഥിതി പ്രശ്‌നങ്ങൾ.

തുടക്കം ഒറ്റയാൾ
പോരാട്ടത്തിലൂടെ

സാധാരണക്കാർ മുതൽ ഭരണകൂടങ്ങൾ വരെ നീതി നിഷേധിക്കുന്ന കാലാവസ്ഥക്ക് നീതി തേടി ഈ പെൺകുട്ടി തെരുവിലിറങ്ങിയത് ആഗോളസമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അനുയായികളും പിൻഗാമികളുമില്ലാതെ ഒറ്റക്ക് ഒരു ദിവസം സമരം ആരംഭിച്ച അവൾ ഇന്ന് ലോക രാഷ്ട്രങ്ങൾക്കു മുമ്പിൽ വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞു. മുഴുവൻ പേര് ഗ്രെറ്റ ടിൻടിൻ എലനോറ എൺമാൻ തൻബെർഗ്. സ്വാന്റെ തൻബെഗിനും മലേന എൺമാനും ജനിച്ച മൂത്ത കുട്ടി. ഫ്‌ളോറിഡയിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈ സ്‌കൂൾ വിദ്യാർഥികൾ നടത്തിയ മാർച്ച് ഓഫ് അവർ ലൈഫ്‌സ് (March for Our Lives) എന്ന പ്രകടനം ആയിരുന്നു ഗ്രെറ്റയുടെ പ്രചോദനം. ഗ്രെറ്റക്ക് ഡോക്ടഷർമാർ ആസ്‌പെർഗ്ഗേർസ് സിൻഡ്രോമും സ്ലെക്റ്റീവ് മ്യുട്ടിസവും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അതൊന്നും ഗ്രെറ്റയെ തളർത്തിയില്ല. 2018 ഓഗസ്റ്റിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഗ്രെറ്റ തന്റെ സ്‌കൂളിൽ ഒരു സമരം തുടങ്ങി.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മുതിർന്നവർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരം അവസാനിച്ചത് സ്വീഡിഷ് പാർലിമെന്റിന് മുന്നിലാണ്. ഇപ്പോൾ ആ സമരം ലോകമെമ്പാടും പടരുകയാണ്.

ആളുകളോട് തൊട്ടടുത്തുള്ള ടൗൺ ഹാളിനു മുന്നിൽ എല്ലാ വെള്ളിയാഴ്ചയും സമരം ചെയ്യാൻ ആഹ്വാനം കൊടുത്തതിന് ശേഷം അതിപ്പോൾ അറിയപ്പെടുന്നത് ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ (Fridays For Future) മൂവ്‌മെന്റ് എന്നാണ്.
യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും അടക്കം ദശലക്ഷക്കണക്കിന് വിദ്യാർഥികൾ പ്രകൃതിക്കായി തെരുവിലിറങ്ങി. “ഞങ്ങളുടെ ഭാവി നിങ്ങളുടെ ചുമലിലാണ്” എന്ന പ്ലക്കാർഡുമേന്തി അവർ അണിനിരന്നപ്പോൾ പന്തുണയുമായി മുതിർന്നവരും എത്തി. ന്യൂയോർക്കിൽ 11 ലക്ഷം വിദ്യാർഥികൾ സ്‌കൂളിൽ പോകാതെ സമരത്തിൽ പങ്കെടുത്തപ്പോൾ മൈക്രോ സോഫ്റ്റും ആമസോണും അടക്കമുള്ള സ്ഥാപനങ്ങൾ സമരത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അവധി നൽകിയാണ് പിന്തുണ അറിയിച്ചത്. ഇന്ത്യയിലും സമരം അരങ്ങേറി. മുംബൈയിലും കോൽക്കത്തയിലും നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കാലാവസ്ഥാ പ്രശ്നം ഏറ്റവും രൂക്ഷമായ ആസ്ത്രേലിയയിലെ മെൽബണിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. സമരത്തെ തുടർന്ന് ജർമനിയിൽ ചാൻസലർ എയ്ഞ്ചല മെലർക്കൽ അടിയന്തര യോഗം ചേർന്ന് കാലാവസ്ഥാ വ്യതിയാനം തടയാൻ പുതിയ പാക്കേജ് പ്രഖ്യാപിച്ചു.

ഗ്രെറ്റ യൂറോപ്പിലെ പല പ്രമുഖ സ്ഥലങ്ങളിലും കാലവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിച്ചു. പോളണ്ടിൽ നടന്ന യു എൻ സി ഒ പി 24 (U N C O P 24) ൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറീസിന് മുന്നിലും ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിലും സംസാരിച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളൽ കുറച്ചുകൊണ്ടുള്ള ജീവിതരീതിയാണ് ഗ്രെറ്റയുടേത്. സഞ്ചരിക്കാൻ വിമാനം ഉപയോഗിക്കാത്ത ഗ്രെറ്റ, വീഗൻ കൂടി ആണ്. ഗ്രെറ്റയുടെ പ്രസംഗങ്ങൾ “നോ വൺ ഈസ് ടൂ സ്മാൾ ടു മെയ്ക്ക് എ ഡിഫറൻസ്” (No One Is Too Small to Make a Difference) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയാണ്. ജൂണിൽ പുസ്തകം പുറത്തുവരും. വളരെ കുറച്ച് സമയത്തിനുള്ളിൽ ഗ്രെറ്റ തൻബർഗ് ഒരു ആഗോള ബിംബമായി പരിണമിച്ചു. ഇരുവശങ്ങളിൽ കൊമ്പു കെട്ടിയിട്ട അവളുടെ മുടിയും സ്വന്തം കൈകൾ കൊണ്ട് The school strike for climate എന്നെഴുതി വെച്ച ബോർഡും കൂർത്ത നോട്ടവുമായി അവൾ ലോകത്തെമ്പാടും തരംഗമായി മാറി.
“നിങ്ങളെന്റെ സ്വപ്‌നങ്ങളും ബാല്യകാലവും മോഷ്ടിച്ചു. നിങ്ങൾക്ക് അതിനെങ്ങനെ ധൈര്യം വരുന്നു ?” ഐക്യരാഷ്ട്രസഭയിലെ ലോകനേതാക്കളോട് അവൾ ചോദിച്ചു. പണവും അനന്തമായ സാമ്പത്തിക വളർച്ചയും വെറും കെട്ടുകഥകൾ മാത്രമാണെന്നും അവൾ പറഞ്ഞു. ഇത് പൊതുജനങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാൻ അവളെ സഹായിച്ചു.

അതിനിടെ തൻബർഗും മറ്റു ചില യുവ കാലാവസ്ഥാ പ്രവർത്തകരും ആംനസ്റ്റി ഇന്റർനാഷനൽ നൽകുന്ന അംബാസ്സഡർ ഓഫ് കോൺസയൻസ് അവാർഡ് സ്വീകരിച്ചു. കഴിഞ്ഞ 17 വർഷത്തിനിടയിൽ ഈ അവാർഡ് ലഭിച്ചിട്ടുള്ള മറ്റുള്ളവരിൽ നെൽസൺ മണ്ഡേല, കോലിൻ കേപർനിക്ക്, ഐ വീവേയ് എന്നിവരുമുണ്ട്. ഒരു ജീൻസും സ്‌നീക്കേഴ്‌സും, പിങ്ക് ടാങ്ക് ടോപ്പും ധരിച്ച് തൻബർഗ് എത്തി. അവൾ ചെറിയ കുട്ടിയാണ്. നിശ്ശബ്ദയാണ്. പക്ഷേ, അവളുടെ സ്വാധീനം ലോകരാഷ്ട്രങ്ങളെ ഭേദിച്ചു മുന്നേറി. കുട്ടികളും യുവാക്കളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്, പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കാനും സമരം ചെയ്യാനും മുന്നോട്ടുവന്നു. അവളുടെ മറുപടികൾ നേരിട്ടുള്ളതും ആത്മാർഥവുമായിരുന്നു. അവൾ മറ്റു കാലാവസ്ഥാ പ്രവർത്തകരെപ്പോലെ അതിവിപ്ലവകാരിയല്ലെന്നതും ശ്രദ്ധേയമായിരുന്നു. ഹരിതഗൃഹ വാതകം പുറന്തള്ളൽ സമൂലമായി ഇല്ലാതാക്കുന്നതിന് ഉച്ചകോടി പുതിയ പദ്ധതികളൊന്നും മുന്നോട്ടു വെക്കുന്നില്ലെന്ന് ഗ്രെറ്റ പറയുന്നു. “നിങ്ങൾ നിങ്ങളുടെ ശൂന്യമായ വാക്കുകളാൽ കവർന്നെടുത്തത് എന്റെ കുട്ടിക്കാലവും സ്വപ്‌നങ്ങളുമാണ്” എന്നാണ് വൈകാരികമായി അവൾ പറഞ്ഞത്.
പഠനം മുടക്കി സ്‌കൂൾ യൂനിഫോമിൽ സമരം ചെയ്യുന്ന ഗ്രെറ്റക്കെതിരെ വിമർശനവുമുണ്ടായി. ഇല്ലാത്തൊരു ഭാവിക്കുവേണ്ടി താനെന്തിനു പഠിക്കണം എന്നതായിരുന്നു അവളുടെ മറുചോദ്യം. ഇതേ രീതിയിൽ ലോകം മുന്നോട്ടുപോയാൽ തങ്ങളുടെ തലമുറക്കായി ഒന്നും അവശേഷിക്കില്ലെന്നും ഗ്രെറ്റ പറയുന്നു. ഗ്രെറ്റ തൻബെർഗ് ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ നടത്തിയ പ്രസംഗം ഇതിനകം ലോകത്തുടനീളം സഞ്ചരിച്ചു കഴിഞ്ഞു. അപകടകരമായ ആഗോളതാപനത്തെ അഭിസംബോധന ചെയ്യുന്നതിന് നൂതന മാർഗ്ഗങ്ങൾ മുന്നോട്ടുവെക്കുന്നതിൽ ലോക രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ പ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണെന്നും എന്നാൽ നിങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഗ്രെറ്റ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകരാഷ്ട്ര നേതാക്കളോട് തുറന്നടിച്ചു.
ഐക്യരാഷ്ട്രസഭ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ഡൊണാൾഡ് ട്രംപിനെ നോക്കിയ നോട്ടവും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ധീരമായ ശബ്ദം

സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഈ പെൺകുട്ടി എത്രമേൽ പക്വതയോടെയാണ് ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്: “വാതകങ്ങൾ കത്തിച്ചു പ്രകൃതിയെ നശിപ്പിച്ച് നമ്മൾ പുരോഗതി നേടാൻ നോക്കുകയാണ്. ഈ നശീകരണം എങ്ങനെ പരിഹരിക്കും എന്ന് ഞങ്ങൾ സ്‌കൂൾ കുട്ടികളോട് നിങ്ങൾ ചോദിക്കുന്നു. ഞങ്ങൾ പറയുന്നു: അത് ആർക്കും കൃത്യമായി അറിയില്ല, പക്ഷേ ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നത് നിർത്തി പ്രകൃതിയെ വീണ്ടെടുക്കണം. നിങ്ങൾ പറയും അതൊരു ഉത്തരമല്ലെന്ന്. അപ്പോൾ ഞങ്ങൾ പറയും മുന്നിൽ പ്രശ്‌ന പരിഹാരങ്ങൾ ഒന്നും ഉടനെ ഇല്ലെങ്കിലും ഈ പ്രശ്‌നത്തെ ഒരു പ്രശ്‌നമായി അംഗീകരിച്ച് പ്രവർത്തിക്കാൻ തയ്യാറാകണമെന്ന്. അതും ഒരു നല്ല ഉത്തരമല്ലെന്ന് നിങ്ങൾ പറയും. എന്നാൽ ഏറ്റവും കുറഞ്ഞ രീതിയിൽ വേസ്റ്റ് ഉത്പാദിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് മാറണം. പ്രകൃതിയെ പുനരുജ്ജീവിപ്പിക്കണം എത്രയും പെട്ടെന്ന് ഈ മാറ്റങ്ങൾ കൊണ്ടുവരണം. ഞങ്ങൾ പറയുന്നതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. ഇതിനുള്ള പരിഹാരങ്ങൾ കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്രവുമായി ചേർന്ന് പ്രവർത്തിച്ച് ഇതിനുള്ള പരിഹാരങ്ങൾ നമുക്കൊരുമിച്ചു കണ്ടെത്താം. കാരണം ഈ പരിഹാരങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾക്ക് വേണ്ടിയുള്ളതാണ്, അല്ലെങ്കിൽ മനസ്സിലാകുന്നില്ല എന്ന് ഭാവിക്കുന്ന. നിങ്ങൾക്ക് ശാസ്ത്രം പറയുന്നത് കേൾക്കാൻ താത്പര്യമില്ല. കാരണം നിങ്ങൾ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു, അത് തുടർന്നുകൊണ്ട് പോകാൻ സഹായിക്കുന്ന പരിഹാരങ്ങൾ മതി നിങ്ങൾക്ക്. ഇനി അങ്ങനെ ഒരു പരിഹാരം ഉയർന്നു വരാൻ പോകുന്നില്ല.

കാരണം വേണ്ട സമയത്ത് നിങ്ങൾ അതിനായി പ്രവർത്തിച്ചില്ല. കാലാവസ്ഥ സന്തുലനത്തിന് മഹത്തായ ചിന്തകൾ ആവശ്യമാണ്. മേൽക്കൂര എങ്ങനെ പണിയണം എന്ന് അറിയില്ലെങ്കിലും അതിനായി അടിത്തറ ഇട്ടേ പറ്റൂ. ഒരു വഴി കണ്ടെത്തിയേ തീരു. നമ്മൾ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചിറങ്ങിയാൽ നമ്മൾക്ക് എന്തും സാധിക്കാം. എനിക്കുറപ്പാണ് കാലാവസ്ഥയുടെ വിഷയത്തിൽ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രവർത്തിച്ചാൽ നമുക്ക് ഈ വ്യതിയാനം പരിഹരിക്കാൻ കഴിയുമെന്ന്. മനുഷ്യന് ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയും. നമ്മളെ കൊണ്ട് ഇത് നേരെയാക്കാൻ പറ്റും. പക്ഷേ അതിനുള്ള അവസരങ്ങൾ നമ്മൾക്കിനി കിട്ടില്ല. ഇന്നു മുതൽ അതിനായി പ്രവർത്തിക്കണം. ഇനി ഒഴികഴിവ് പറയാൻ പറ്റില്ല. നിങ്ങൾ സൃഷ്ടിച്ചെടുത്ത ഒരു സമൂഹ ചിന്താഗതിക്ക് ഉതകുന്ന രീതിയിൽ ഉള്ള ദുർബലമായ പരിഹാര നിർദേശങ്ങൾക്ക് വേണ്ടിയല്ല ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ പഠനസമയവും കുട്ടിക്കാലവും ത്യജിക്കാൻ തയ്യാറാകുന്നത്. ഞങ്ങൾ തെരുവിലേക്കിറങ്ങിയത് നിങ്ങൾക്ക് ഞങ്ങളുടെ കൂടെ നിന്ന് സെൽഫി എടുക്കാനും ഞങ്ങളുടെ പ്രവർത്തനത്തെ പുകഴ്ത്തുന്നത് കേൾക്കാനും അല്ല”.

ഗ്രെറ്റ തൻബെർഗ് നൊബേൽ സമ്മാനത്തിനുള്ള പരിഗണനയിൽ വന്നു എന്നതാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത. അവാർഡിനർഹയായാൽ ഏറ്റവും പ്രായം കുറഞ്ഞ പുരസ്‌കാര ജേതാവെന്ന ബഹുമതിയും ഗ്രെറ്റക്ക് ലഭിക്കും. കാലാവസ്ഥ മാറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളും അതിന് ലോക വ്യാപകമായി ലഭിക്കുന്ന അംഗീകരാവുമാണ് ഗ്രെറ്റയെ നൊബേൽ പരിഗണനയിലെത്തിച്ചത്. ഈ വർഷവും കഴിഞ്ഞ വർഷവും ഐക്യരാഷ്ട്ര സംഘനയിലടക്കം നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളുമാണ് ഈ ധീരയായ പെൺകുട്ടിയെ രണ്ടാം വട്ടവും പുരസ്‌കാര സമിതിക്ക് മുന്നിലെത്തിച്ചത്. 2018 ൽ ലോകത്തെ സ്വാധിനിച്ച 100 പേരിലൊരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്ത ഗ്രെറ്റ കഴിഞ്ഞ വർഷം സ്വീഡിഷ് വുമൺ ഓഫ് ദി ഇയറടക്കം നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

യാസർ അറഫാത്ത് നൂറാനി
• yaazar.in@gmail.com

Latest