അറിവും തിരിച്ചറിവും

പുറംപൂച്ചുകളുടെ പളപളപ്പിൽ സ്വയം മറന്ന് കാട്ടിക്കൂട്ടുന്ന അർഥശൂന്യമായ പല കാര്യങ്ങളും സരസമായി പറഞ്ഞുവെച്ചിരിക്കുന്നു. മധുരച്ചക്കയാണ് ദുനിയാവ്. നാം ഈച്ചകളും. അൽപ്പം അൽപ്പം എന്ന് കരുതി ആ ചക്കത്തേൻ നുണയാനൊരുങ്ങും. നുണച്ചിലിനിടേൽ നാം പാർശ്വങ്ങളിലേക്ക് തെന്നും. ജീവിതം ചക്കപ്പശയിൽ ഒടുങ്ങും. ദുർവ്യയത്തിന്റെ മലവെള്ളപ്പാച്ചിലിന് തടം വെക്കാൻ ഇതിനേക്കാൾ സരസമായി എങ്ങനെ ആഹ്വാനം ചെയ്യാനാകും. സമൂഹത്തിൽ ഒരാളായി ജീവിക്കുക എന്ന് പറഞ്ഞാൽ അത് സ്റ്റേജിലിരിക്കും പോലെ പരസ്യ കാഴ്ചയാണെന്ന് ഓർമിപ്പിക്കുന്നുണ്ട് ലേഖകൻ.
Posted on: October 3, 2019 2:58 pm | Last updated: October 3, 2019 at 2:58 pm
അടുത്തുകൂടെ ആകാവുന്നിടത്തോളം- ഫൈസൽ അഹ്്സനി ഉളിയിൽ

ഇന്നത്തെ കാലത്ത് വായിക്കുക എന്നത് ആരുടെയും നിർബന്ധമോ ബാധ്യതയോ അല്ല. മറിച്ച് വായിപ്പിക്കുക എന്നത് ഏതൊരു എഴുത്തുകാരന്റെയും ഏറ്റവും വലിയ ബാധ്യതയാണ്. സാമൂഹ്യ ലോകത്തിൽ നിന്ന് വിഭിന്നമല്ല എഴുത്തിന്റെ ലോകം. ഏറ്റവും പരിചിതമായ ജീവിത പരിസരങ്ങളെ അൽപ്പം ഭാവനയുടെയും ദാർശനികതയുടെയും ഇഴചേർത്ത് സൂക്ഷ്മമായി തുന്നിയെടുത്ത് നവീകരിക്കുമ്പോഴാണ് എഴുത്ത് യഥാർഥത്തിൽ സംവദിക്കപ്പെടുക. വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക അപ്പോഴാണ്. ഫൈസൽ അഹ്‌സനി ഉളിയിൽ എഴുതിയ “അടുത്തുകൂടെ ആകാവുന്നിടത്തോളം’ ആകാവുന്നത്ര അടുത്ത് ചേർത്തുവെക്കപ്പെടുന്നത് ഭാഷയുടെ അകൃത്രിമമായ സൗന്ദര്യശാസ്ത്രത്തിന്റെ ആസ്വാദന തലത്തിലെത്തിയത് കൊണ്ട് തന്നെയാണ്. അവസാന പേജ് വരെ ആവേശത്തോടെ സഹർഷം വായിച്ചു പോകാവുന്ന ഒരു മാന്ത്രികതയുണ്ട് എഴുത്തിന്. പുസ്തകത്തിന്റെ പേര് പോലെത്തന്നെ ഓരോ ഉപശീർഷകങ്ങളും നാട്ടുഭാഷയുടെ തേൻമധുരം കിനിഞ്ഞിറങ്ങുന്നതു പോലെയാണ് വായനക്കാരന് അനുഭവപ്പെടുക.

“കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം’ ഓരോ വീടിന്റെ അകത്തളങ്ങളും സ്വർഗ്ഗ സമാനമാകുന്നത് കുടുംബാംഗങ്ങൾ ഓരോരുത്തരും സ്‌നേഹച്ചരടിനാൽ പരസ്പരം ബന്ധിതരാകുമ്പോഴാണ്. വേഗതയുടെ പുതിയ കാലത്ത് ബന്ധങ്ങൾ ചരടു പൊട്ടിയ പട്ടം കണക്കെ അകന്നുമാറിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ തുറന്നു സംസാരിക്കാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ മനസ്സറിഞ്ഞു പൊട്ടിച്ചിരിക്കാനോ പുഞ്ചിരിക്കാനോ നിസ്സഹായരായി പോകുന്നു പല കുടുംബങ്ങളും. വീടിനകത്തെ ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളും ഊഷ്മളമാക്കുന്ന കുടുംബമെന്ന ഫ്രെയിമിനുള്ളിലെ ചേതോഹരമായ കാഴ്ചകളിലൂടെയാണ് ഈ രചന വായനക്കാരനെ നടത്തിക്കൊണ്ട് പോകുന്നത്. ഏറെ ചിന്തിക്കേണ്ട ദാർശനിക സ്വഭാവമുള്ള കാര്യങ്ങൾ നുറുങ്ങുഫലിതത്തിന്റെ അകമ്പടിയോടെ ഓരോരുത്തരുടെയും മനസ്സിൽ എയ്തുകൊള്ളിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

ആദ്യ ലേഖനം “അടിച്ചു തകർക്കണമോ ഈ മാമൂൽ മതിലുകൾ’ വായിക്കുമ്പോൾ ചുണ്ടിലൂറും പുഞ്ചിരി സാക്ഷ്യപ്പെടുത്തുന്നത്, എത്രമാത്രം നമ്മുടെയൊക്കെ ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ് ഇതിലെ പ്രതിപാദനവിഷയം എന്നതാണ്. ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന മൂന്ന് വാക്കുകൾക്കിടയിൽ പലപ്പോഴും കെട്ടുപിണഞ്ഞു പോകുന്നതാണ് സാധാരണക്കാരന്റെ ജീവിതം. ഇതിൽ ഏതിന്റെ തിരഞ്ഞെടുപ്പാണ് അഭികാമ്യമെന്ന ചിന്താ കുഴപ്പത്തിൽ പെട്ടുഴലുന്ന നമ്മളെ ഓരോരുത്തരെയുമാണ് ലേഖകൻ അഭിസംബോധന ചെയ്യുന്നത്.

പുറം പൂച്ചുകളുടെ പളപളപ്പിൽ സ്വയം മറന്ന് കാട്ടിക്കൂട്ടുന്ന അർഥശൂന്യമായ പല കാര്യങ്ങളും സരസമായി പറഞ്ഞുവെച്ചിരിക്കുന്നു ഇതിൽ. മധുരച്ചക്കയാണ് ദുനിയാവ്. നാം ഈച്ചകളും. ഭു: !! ദുനിയാവിന് നാക്കിനെ കൊതിപ്പിക്കുന്ന ഒരു രുചിയുണ്ട്. കണ്ണിനെ കൊത്തിവലിക്കുന്ന കാഴ്ച ഭംഗിയും. നാം അൽപ്പം അൽപ്പം എന്ന് കരുതി ആ ചക്കത്തേൻ നുണയാനൊരുങ്ങും. നുണച്ചിലിനിടെ പാർശ്വങ്ങളിലേക്ക് തെന്നും. ജീവിതം ചക്കപ്പശയിൽ ഒടുങ്ങും.

ബഷീറിയൻ ഭാഷയുടെ ആഖ്യാന ശൈലിയുടെ അനായാസ ഒഴുക്ക്. മധുരമുള്ള ചക്കക്കാര്യത്തിലൂടെ വലിയൊരു ജീവിതദർശനം തന്നെയാണ് നർമത്തിന്റെ മധുരം മുക്കി വായനക്കാരിലേക്ക് പകർന്നു തരുന്നത്. “അറിയാമോ, ആരാണ് ചെകുത്താന്റെ ചങ്ക് ബ്രോ’ എന്ന ശീർഷകം കാണുമ്പോൾ തന്നെ ഒരു കാന്തികശക്തിയാലെന്ന പോലെ വായനക്കാരതിലേക്ക് ആകർഷിക്കപ്പെടും. ദുർവ്യയത്തിന്റെ മലവെള്ളപ്പാച്ചിലിന് തടം വെക്കാൻ ഇതിനേക്കാൾ സരസമായി എങ്ങനെ ആഹ്വാനം ചെയ്യാനാകും. സമൂഹത്തിൽ ഒരാളായി ജീവിക്കുക എന്ന് പറഞ്ഞാൽ അത് സ്റ്റേജിലിരിക്കും പോലെ പരസ്യ കാഴ്ചയാണെന്ന് ഓർമിപ്പിക്കുന്നുണ്ട് ലേഖകൻ.
മനുഷ്യന് ഒരു സൂക്കേടുണ്ട്. കാര്യങ്ങൾ ജ്ഞാന/ബോധതലത്തിൽ നിന്നാൽ അതങ്ങ് മനസ്സിലേക്കിറങ്ങില്ല. മറിച്ച് അത് അനുഭവത്തിന്റെ നിരപ്പിലേക്ക് നീങ്ങിയെത്തുമ്പോഴാണ് മനുഷ്യൻ കണ്ണു തുറക്കുക. ചില പരമാർഥങ്ങൾ ഇങ്ങനെ ഒരു ഒഴുക്കിലങ്ങ് പ്രസ്താവിക്കുന്നുണ്ട് ഈ പുസ്തകത്തിലുടനീളം.

ഈ സമാഹാരത്തിലെ അവസാന ലേഖനം “വേർപ്പാടുകളുടെ വേദാന്തങ്ങൾ’ ഒരുപക്ഷേ വല്ലാത്തൊരു ഹൃദയ ഭാരത്തോടെയാണ് വായിച്ചുതീർക്കാനാവുക. സമൃദ്ധമായി ഭക്ഷണം കഴിക്കേണ്ട അവസരം കിട്ടിയ ഒരു യാത്രയയപ്പു വിരുന്നിനിടെ “ആലോചനാ മർദനം’ ഏറ്റപ്പോൾ ജനനത്തെയും ജീവിതത്തെയും മരണത്തെയും ഒരേ ചരടിൽ കോർത്തു വെച്ച് മനുഷ്യ ജൻമമെന്ന പരമമായ സത്യത്തെ കുറിച്ചുള്ള ചിന്തകൾ തമാശയുടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് വായനക്കാർക്ക് നേരെ നീട്ടിപ്പിടിക്കുന്നു ഇവിടെ. ഒരിക്കൽ നാം ഒരു ശത്രുവിനും ഒരു പ്രതിസന്ധിക്കും തപ്പിപ്പിടിക്കാൻ കഴിയാത്ത വിധം മാതാപിതാക്കളുടെ ഉള്ളുകളിൽ പലയിടത്തായി പരന്ന് കിടക്കുകയായിരുന്നു. പിന്നീട് ആതൂറി ഇഴ ചേർന്ന് ഗർഭപാത്രമാകുന്ന കോട്ടക്കകത്തായി. സ്വസ്ഥം, ശാന്തം. ഇതുതന്നെയല്ലേ പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ദാർശനികരും തത്വചിന്തകരും പറഞ്ഞു വെച്ചിരിക്കുന്നത്.

പാരമ്പര്യ കഥ/ലേഖന ശീർഷകങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് “അടുത്തുകൂടെ ആകാവുന്നിടത്തോളം’ എന്നത്. തലക്കെട്ട് വായിക്കുമ്പോൾ തന്നെ ഉള്ള തലക്കനം മാറ്റിവെച്ച് ആരുമിത് വായിച്ചു പോകും. അവനവനെ തന്നെ സ്വയം അറിയാനുള്ള വ്യഗ്രത ഓരോരുത്തർക്കുമുണ്ട്. ഒരു ചെറിയ പിണക്കത്തിന്റെ കൈയകലത്തിൽ നിർത്തിയിട്ടുണ്ടാകും പലരെയും നമ്മൾ. ചിലർ നമ്മളെയും. ഏതു ലോകയുദ്ധങ്ങൾക്കും കുടുംബ പ്രശ്‌നങ്ങൾക്കുമുള്ള ആദ്യ കാരണം ചിലപ്പോൾ തീർത്തും നിസ്സാരമായതാകാം. പരസ്പരം മുഖത്തോട് മുഖം നോക്കി തുറന്നുപറഞ്ഞ് തീർക്കാൻ പറ്റുന്നതാകാം. അനാവശ്യമായി കടന്നുവരുന്ന ഈഗോ, സൂപ്പർ ഈഗോ, ഇൻഫീരിയോറിറ്റി/ സുപ്പീരിയോറിറ്റി കോംപ്ലക്‌സ് തുടങ്ങിയ വില്ലന്മാർ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും പ്രശ്‌നങ്ങൾ ഒരുതരത്തിലും തീർപ്പു കൽപ്പിക്കാനാകാത്ത വിധം അപകടകരമാക്കുകയുമാണ് ചെയ്യുന്നത്. ഇവിടെയാണ് ഫൈസൽ അഹ്‌സനി ഉളിയിലിന്റെ പുസ്തകം “അടുത്തുകൂടെ ആകാവുന്നിടത്തോളം’ പ്രസക്തമാകുന്നത്. തീർത്തും മനഃശാസ്ത്രപരമായ സമീപനങ്ങളും എത്രമാത്രം കുടുംബങ്ങളുടെ സുസ്ഥിരതക്ക് അടിസ്ഥാനമാകുന്നുവെന്ന് കൃത്യമായും സർഗാത്മകമായും അടയാളപ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തിൽ.

“ഒരറിവും പങ്കുവെക്കാത്തതായി ഒരു പുസ്തകവും ഇല്ല’ എന്ന് “വായനയുടെ ഉപനിഷത്തിൽ’ ഡോ. സുകുമാർ അഴീക്കോട് പറയുകയുണ്ടായി. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ അറിവിന്റെയും തിരിച്ചറിവിന്റെയും വിശാലമായ ഭൂമിക തന്നെയാണ് തുറന്നു വെക്കപ്പെടുന്നത്. സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തെളിനീരുറവ രൂപപ്പെടട്ടെ ഓരോ മനസ്സുകളിലും. ഗ്രന്ഥകാരന് ആശംസകൾ. വായനയുടെ പുതിയ രസതന്ത്രം പങ്കുവെച്ചതിന്. ഐ പി ബിയാണ് പ്രസാധകർ.
(കഥാകൃത്തും ഗാന രചയിതാവും എസ് എസ് ടി ഐലെ ഫിസിയോളജി വിഭാഗം അസിറ്റന്റ് പ്രൊഫസറുമാണ് ലേഖിക.)

.