Connect with us

Kerala

ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണം: നാളെ കല്ലറ തുറന്ന് പരിശോധന

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൂടത്തായിയില്‍ 14 വര്‍ഷത്തിനുള്ളില്‍ നിശ്ചിത കാലയളവിലായി ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് നളെ കല്ലറ തുറന്ന് പരിശോധിക്കും. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച കൂടത്തായ് സ്വദേശി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മഞ്ചാടിയില്‍, ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനി, ഇവരുടെപത്ത് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

ഇതില്‍ ഇവരുടെ ബന്ധു നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദ പരിശോധന നടത്തുന്നത്. ആറ് പേരില്‍ കൂടത്തായിയില്‍ മറവ് ചെയ്ത ടോം തോമസ്, അന്നമ്മ, റോയ് തോമസ് എന്നവരുടെ കല്ലറയാണ് നാളെ തുറക്കുന്നത്. മറ്റ് മൂന്ന് പേരുടെ കല്ലറ കോടഞ്ചേരിയിലാണുള്ളത്. വേണ്ടിവന്നല്‍ പിന്നീട് ഇത് തുറന്നും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ഇവരുടെ കുടുംബത്തില്‍ നിന്ന് ആദ്യം മരിക്കുന്നത്. 2008ല്‍ ടോം തോമസും 2011ല്‍ റോയ് തോമസും 2014 ല്‍ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു വയസ് പ്രായമുള്ള കുഞ്ഞും 2016ലാണ് മരിച്ചത്. ഇവരെല്ലാം പെട്ടന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് എല്ലാവരും കരുതിയത്. ഇതില്‍ റോയിയുടെ മൃതദേഹം സംശയത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് റോയിയുടെ മരണകാരണമെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് ശേഷം റോയിയുടെ ബന്ധുവിനുണ്ടായ സംശയമാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിലേക്കെത്തിച്ചത്.

മരണത്തിലെ ദുരൂഹത നീക്കുകയാണ് ക്രൈംബ്രാഞ്ചിന് മുമ്പിലെ ആദ്യ ലക്ഷ്യം. മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും ബോധപൂര്‍വമായ ഇടപെടലുണ്ടോ എന്നതും പരിശോധിക്കും.

 

Latest