Connect with us

Editorial

രാജ്യം എന്ന് പ്ലാസ്റ്റിക് മുക്തമാകും?

Published

|

Last Updated

രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ താത്കാലികമായി പിന്മാറിയിരിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബേഗുകള്‍, കപ്പുകള്‍, കുപ്പികള്‍ തുടങ്ങിയവ ഗാന്ധി ജയന്തി മുതല്‍ നിരോധിക്കുമെന്നായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കുമെന്ന ഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന മരുഭൂമിവത്കരണം തടയുന്നതിനുള്ള 14ാമത് യു എന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ, പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിനോട് വിടപറയേണ്ട കാലം അതിക്രമിച്ചതായും വരും വര്‍ഷങ്ങളില്‍ രാജ്യത്ത് പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ മുന്നോടിയായി പാര്‍ലിമെന്റ് സമുച്ഛയത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നിലവില്‍ വരികയും സമുച്ഛയത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും അനുബന്ധ ഏജന്‍സികളോടും പരിസ്ഥിതി സൗഹൃദ ബാഗുകളും വസ്തുക്കളും ഉപയോഗിക്കണമെന്ന് പാര്‍ലിമെന്റ് മന്ത്രാലയം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പല രാജ്യങ്ങളും നേരത്തേ തന്നെ നിരോധിച്ചതാണ്. ബഹ്‌റൈനില്‍ കഴിഞ്ഞ ജൂലൈയില്‍ നിരോധനം വന്നു കഴിഞ്ഞു. ജീര്‍ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിനും അവിടെ വിലക്കുണ്ട്. 2021 മുതല്‍ നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂനിയന്റെ തീരുമാനം. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാംഗ്ഹായില്‍ പ്ലാസ്റ്റിക് ഉപയോഗം ക്രമേണ കുറച്ചു കൊണ്ടു വരുമെന്ന് ബീജിംഗും പ്രഖ്യാപിച്ചു. 2025ല്‍ ഷാംഗ്ഹായി പ്ലാസ്റ്റിക് മുക്തമാക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ് ലോകരാജ്യങ്ങളെ ഈ തീരുമാനത്തിലെത്തിക്കുന്നത്.

പരമ്പരാഗത വസ്തുക്കളെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിനുള്ള ചില സവിശേഷ ഗുണങ്ങളാല്‍ ലോകത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഭാരക്കുറവാണ് പ്ലാസ്റ്റിക്കിന്റെ സവിശേഷതയില്‍ പ്രധാനം. അതോടൊപ്പം ബലമേറിയതുമാണ് പ്ലാസ്റ്റിക്കുകള്‍. കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നു മാത്രമല്ല, ഗതാഗതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഇന്ധനച്ചെലവ് കുറക്കാനും ഭാരക്കുറവ് സഹായിക്കുന്നു. ലോഹങ്ങളെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ വസ്തുക്കളായി വാര്‍ത്തെടുക്കാനാകൂ. മാത്രമല്ല ലോഹങ്ങളുപയോഗിച്ച് വളരെ സങ്കീര്‍ണമായ രൂപകല്‍പ്പനകള്‍ സാധ്യവുമല്ല. വിലക്കുറവാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജനകീയമായതിന്റെ മറ്റൊരു കാരണം. ഇതുമൂലം വര്‍ണപ്പൊലിമയുള്ള കസേരകളും പാല്‍ മുതല്‍ വിനാഗിരി വരെ സൂക്ഷിക്കുന്ന കുപ്പികളും വെള്ളം കടക്കാത്ത സ്‌കൂള്‍ ബാഗുകളും ഉള്ളിലുള്ളത് കാണാവുന്ന കവറുകളുമൊക്കെയായി അവ നമ്മുടെ വീടും പരിസരവും കൈയടക്കുകയാണ്. ചില്ലുകുപ്പികള്‍ പോലെ ഉടഞ്ഞുപോകുമെന്ന ഭയവുമില്ല. താപമോ വൈദ്യുതിയോ കടത്തിവിടാത്തതു കൊണ്ട് വൈദ്യുതി പ്രതിരോധത്തിനും വൈദ്യുതി ഉപകരണങ്ങളിലും ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്.

ഇത്തരം സവിശേഷതകളൊക്കെയുണ്ടെങ്കിലും പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാരകമാണ്. അതില്‍ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. പ്ലാസ്റ്റിക്കില്‍ നിന്ന് വിഷാംശങ്ങള്‍ ജലത്തില്‍ കലര്‍ന്ന് നമ്മുടെ കുടിവെള്ളത്തിലുമെത്തുന്നു. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരങ്ങള്‍ സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും രോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍ എന്ന രാസവസ്തു വായു മലിനീകരണം ഉണ്ടാക്കുകയും ഇത് ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ 50 ശതമാനവും ചെന്നടിയുന്നത് സമുദ്രത്തിലാണ്. ഇത് സമുദ്രത്തിലെ ജൈവ ലോകത്തിന്റെ നാശത്തിനിടയാക്കുന്നു. പസഫിക് സമുദ്ര തീരത്തുനിന്ന് രണ്ടായിരത്തോളം മൈല്‍ ദൂരെയുള്ള മിഡ് വേ ദ്വീപില്‍, ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിലെത്തിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നിരവധി ആല്‍ബട്രോസ് പക്ഷികളുടെ മരണത്തിന് കാരണമായതും റബ്ബര്‍ ബലൂണ്‍ വയറ്റില്‍ കുടുങ്ങി ഭക്ഷണം കഴിക്കാനാകാതെ മരിച്ച തിമിംഗലത്തിന്റെ ദുരവസ്ഥയുമെല്ലാം ശ്രദ്ധനേടിയ വാര്‍ത്തകളാണ്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 43 ശതമാനവും പാക്കിംഗ് ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഇവ വലിച്ചെറിയപ്പെടുന്നു. 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ദിനംപ്രതി രാജ്യത്തുണ്ടാകുന്നത്. ഇവയുടെ തരംതിരിച്ചെടുക്കല്‍ പ്രയാസമായതിനാലും കാര്യമായ സാമ്പത്തിക ലാഭമില്ലാത്തതിനാലും കാര്യക്ഷമമായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ 40 ശതമാനവും സംഭരിക്കാതെ അപ്പാടെ കിടക്കുകയാണ്. പുഴകളും ഓടകളും സമുദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം കൊണ്ട് മലിനപ്പെട്ടു കിടക്കുന്നു. ഈ രംഗത്ത് കാര്യമായ മാറ്റം വരാതെ ഇന്ത്യയുടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. നിരോധിച്ചാല്‍ തന്നെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ആകുമ്പോഴേക്ക് രാജ്യം പ്ലാസ്റ്റിക് മുക്തമാക്കണമെന്നാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇത് സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ കൂടി പൂര്‍ണ സഹകരണം അനിവാര്യമാണ്.