ഇന്ത്യ കിതച്ചാലെന്ത്, ചിലര്‍ കൊഴുക്കുന്നുണ്ടല്ലോ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത മാന്ദ്യത്തിലും രാജ്യം ചെന്നുപെട്ടിട്ടും അത് അംഗീകരിക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശതകോടീശ്വരന്‍മാരെയും കുത്തക ഭീമന്‍മാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ജനവിരുദ്ധ നയ സമീപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയം വന്‍കിട കുത്തകകളെ വളര്‍ത്തുക മാത്രമാണ്. എന്തായാലും നമ്മുടെ ഭരണാധികാരികളുടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ വന്‍കിട കുത്തകകളെയും വ്യവസായികളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ സര്‍ക്കാറിന്റെ പരിപാടി. ആ നിലയില്‍ നോക്കുമ്പോള്‍ അംബാനി മുതലുള്ള ശതകോടീശ്വരന്‍മാരുടെ ആസ്തിയുടെ ഗണ്യമായ വര്‍ധനവ് ഈ ഭരണകൂടത്തിന്റെ വിജയത്തെ തന്നെയാണ് വിളംബരം ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പട്ടിണിയിലേക്കും പട്ടിണി മരണത്തിലേക്കും കൂട്ട ആത്മഹത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത നമ്മുടെ ഭരണാധികാരികള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.
Posted on: October 3, 2019 12:26 pm | Last updated: October 4, 2019 at 5:34 pm

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ സമ്പദ്ഘടന വന്‍ തകര്‍ച്ചയെ നേരിടുകയാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന് വേണ്ടിയുള്ള ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും ഫലപ്രദമായിട്ടില്ലെന്ന് മാത്രമല്ല, മാന്ദ്യം ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിച്ചു വരുന്ന ചിത്രവുമാണ് തെളിഞ്ഞ് വരുന്നത്.

സമ്പദ്ഘടനയുടെ ഈ കൂപ്പുകുത്തലിന്റെ ഗൗരവാവസ്ഥ ചൂണ്ടിക്കാണിച്ച് നേരത്തെ തന്നെ മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രമേശിനെ പോലുള്ളവര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അതിനെയെല്ലാം അപ്പാടെ അവഗണിച്ച് മുന്നോട്ടു പോയതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നെങ്കിലും ഇവിടുത്തെ ശതകോടീശ്വരന്‍മാര്‍ സഹസ്ര കോടീശ്വരന്‍മാരായി മാറുകയും രാജ്യത്തിന്റെ സമ്പത്താകെ ഇക്കൂട്ടരുടെ കൈകളില്‍ അമരുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയും കടുത്ത മാന്ദ്യവും കുത്തക ഭീമന്‍മാര്‍ അവര്‍ക്ക് അനുകൂലമാക്കി മാറ്റിയിരിക്കുകയാണ്.

സഹസ്ര കോടീശ്വരന്‍മാരായ ഇന്ത്യക്കാരുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരായ 25 ഇന്ത്യക്കാരുടെ സമ്പത്ത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 10 ശതമാനം വരും. ഐ ഐ എഫ് എല്‍ വെല്‍ത്തും ഹുറണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ 2019ലെ സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി എട്ടാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി എതിരാളികളില്ലാത്തതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ. പട്ടികയില്‍ 3.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് മുകേഷ് മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്റെ സ്വത്തിലുണ്ടായിരിക്കുന്നത്. ആഗോള സമ്പത്തില്‍ എട്ടാം സ്ഥാനവും മുകേഷ് നിലനിര്‍ത്തിയെന്ന് ഹുറണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ് പി ഹിന്ദുജ കുടുംബം രണ്ടാമതും 1.17 ലക്ഷം കോടി രൂപയുമായി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി മൂന്നാമതും എത്തി. ഇവരുടെ ആസ്തി യഥാക്രമം 17, 22 ശതമാനം വീതം ഉയര്‍ന്നു. 33 ശതമാനം ആസ്തി വര്‍ധനവുണ്ടാക്കിയ ഗൗതം അദാനി മികച്ച വളര്‍ച്ചയോടെ അഞ്ചാം സ്ഥാനത്തേക്കും മുന്നേറി. ഇവര്‍ക്കെല്ലാം തന്നെ മോദി സര്‍ക്കാറിന്റെ എല്ലാ വിധ സംരക്ഷണവും ലഭിച്ചു കൊണ്ടിരിക്കുകയാണ്.
പട്ടികയിലെ ആദ്യത്തെ 25 അതിസമ്പന്നരുടെ സമ്പത്ത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം വരുമെന്നുള്ള വെളിപ്പെടുത്തല്‍ രാജ്യത്തെ കുത്തകകളുടെ കൈയിലേക്ക് സമ്പത്താകെ കുന്നുകൂടുന്നതിന്റെ നഗ്നചിത്രമാണ്. ഇവരുടെ സ്വത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്ന് ഐ ഐ എഫ് എല്‍ വെല്‍ത്ത് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനായ യതിന്‍ഷാ പറയുന്നു. പട്ടികയില്‍ ഇടംപിടിച്ച 53 സമ്പന്നര്‍ക്കും ഇപ്രകാരം പാരമ്പര്യ സ്വത്ത് കുറച്ചെങ്കിലും കൈമാറ്റം ചെയ്ത് കിട്ടിയിട്ടുണ്ടെന്നും യതിന്‍ഷാ പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം ഉള്ള സമ്പത്ത് സംരക്ഷിക്കാനും തീവ്രമായ ശ്രദ്ധ ചെലുത്തിയതിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1,000 കോടിയിലേറെ സമ്പത്തുള്ള 953 പേര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 831 പേരായിരുന്നു. ഒരു വര്‍ഷം കൊണ്ട് 14.68 ശതമാനത്തിന്റെ സമ്പത്ത് വര്‍ധനവ് ഈ ശതകോടീശ്വരന്‍മാര്‍ക്കുണ്ടായി.

മുംബൈയാണ് അതിസമ്പന്നരുടെ സ്വന്തം ഇന്ത്യന്‍ നഗരമായി ഉയര്‍ന്നിരിക്കുന്നത്. മുകേഷ് അംബാനിയടക്കം 42 ശതകോടീശ്വരന്‍മാരാണ് മുംബൈയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. 25 ശതകോടീശ്വരന്‍മാരുമായി ഡല്‍ഹി രണ്ടാമതെത്തി. ബെംഗളൂരുവും ഹൈദരാബാദുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

അതിസമ്പന്നരുടെ ആദ്യ പത്തില്‍ പതിവു പോലെ വനിതാ സംരംഭകരാരുമില്ല. പട്ടികയില്‍ 16 ശതമാനം വനിതകള്‍ ഇടംപിടിച്ചു. 36,800 കോടി രൂപ ആസ്തിയുമായി എച്ച് സി എല്ലിന്റെ റോഷ്ണി നാടാരാണ് സമ്പന്ന വനിതകളില്‍ ഒന്നാമത്. 31,400 കോടി രൂപയുടെ ആസ്തിയുള്ള ഗോദ്‌രേജ് ഗ്രൂപ്പിന്റെ സ്മിത വി കൃഷ്ണയാണ് രണ്ടാം സ്ഥാനത്തുള്ളത്. എച്ച് സി എല്ലിന്റെ തന്നെ കിരണ്‍ നാടാര്‍ 25,100 കോടി രൂപയുടെ സ്വത്തുമായി മൂന്നാമതും വരുന്നു. മരുന്ന് കമ്പനിയായ ബയോകോണിന്റെ സ്ഥാപകനായ കിരണ്‍ മഞ്ചുദാര്‍ ഷാ 18,500 കോടി രൂപയുടെ ആസ്തിയുമായി നാലാമതുണ്ട്. ഫാര്‍മാ സോഫ്റ്റ്‌വെയര്‍, എഫ് എം സി ജി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 40 ശതമാനം സമ്പന്ന വനിതകളും.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 25 പേര്‍ കൈവശം വെച്ചിരിക്കുന്നത് ജി ഡി പിയുടെ 10 ശതമാനത്തിന് തുല്യമായ തുകയാണല്ലോ. വരുന്ന അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ ജി ഡി പി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറായി ഉയര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം പൂവണിഞ്ഞാല്‍ ഈ 25 പേരുടെ സമ്പത്ത് മൂന്നിരട്ടിയാകും.
നമ്മുടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെയും കുത്തക ഭീമന്‍മാരുടെയും സമയം തെളിയുകയാണ്. സര്‍ക്കാര്‍ അഞ്ച് കോടി ഡ്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ടിരിക്കുന്നതിനാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടിക അനായാസം മൂന്നിരട്ടി വളരുമെന്ന് ഹുറണ്‍ ഇന്ത്യ എം ഡി അനസ് റഹ്മാന്‍ ജുനൈദ് വ്യക്തമാക്കി.

ഏറ്റവും ഒടുവില്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് നല്‍കിയ രണ്ട് സാമ്പത്തിക വിദഗ്ധരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിയിലെ രതിന്‍ റോയി, ബ്രൂക്ക്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷമിക രവി എന്നിവരെയാണ് പുറത്താക്കിയത്.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ വരവ് ചെലവ് കണക്കിലെ പൊരുത്തമില്ലായ്മയെ രതിന്‍ റോയി വിമര്‍ശിച്ചിരുന്നു. നിശ്ശബ്ദമായ ധന പ്രതിസന്ധിയാണിതെന്ന് റോയി ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു.

ധനസമാഹരണത്തിനായി വിദേശ വിപണികളില്‍ സര്‍ക്കാര്‍ കടപത്രം ഇറക്കിയതിനെയും റോയി വിമര്‍ശിക്കുകയുണ്ടായി.
ഷമിക രവിയും പല സാമ്പത്തിക വിഷയങ്ങളിലും സര്‍ക്കാറിന്റെതില്‍ നിന്ന് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥയെ ധനവകുപ്പിന് കൈമാറുന്നത് ഒരു സ്ഥാപനത്തെ അതിന്റെ അക്കൗണ്ട്‌സ് വിഭാഗത്തിന് കൈമാറുന്നതിന് തുല്യമാണെന്ന് ഷമിക ട്വീറ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ നയങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ നേരത്തേയും മോദി സര്‍ക്കാര്‍ പുറത്താക്കുകയോ ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരുന്നു. മുന്‍ ആര്‍ ബി എ ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍, സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രതിന്‍ റോയിയും ഷമിക് രവിയും പുറത്താക്കപ്പെടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത മാന്ദ്യത്തിലും രാജ്യം ചെന്നുപെട്ടിട്ടും അത് അംഗീകരിക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശതകോടീശ്വരന്‍മാരെയും കുത്തക ഭീമന്‍മാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ജനവിരുദ്ധ നയ സമീപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയം വന്‍കിട കുത്തകകളെ വളര്‍ത്തുക മാത്രമാണ്. എന്തായാലും നമ്മുടെ ഭരണാധികാരികളുടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ വന്‍കിട കുത്തകകളെയും വ്യവസായികളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ സര്‍ക്കാറിന്റെ പരിപാടി. ആ നിലയില്‍ നോക്കുമ്പോള്‍ അംബാനി മുതലുള്ള ശതകോടീശ്വരന്‍മാരുടെ ആസ്തിയുടെ ഗണ്യമായ വര്‍ധനവ് ഈ ഭരണകൂടത്തിന്റെ വിജയത്തെ തന്നെയാണ് വിളംബരം ചെയ്യുന്നത്.
എന്നാല്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പട്ടിണിയിലേക്കും പട്ടിണി മരണത്തിലേക്കും കൂട്ട ആത്മഹത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത നമ്മുടെ ഭരണാധികാരികള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.

(ലേഖകന്റെ ഫോണ്‍: 9847132428)