Connect with us

Kerala

ഗാന്ധിജിയെക്കുറിച്ചുള്ള മോഹന്‍ ഭഗവതിന്റെ ലേഖനം: പ്രതിഷേധം തണുപ്പിക്കാന്‍ മാതൃഭൂമിയുടെ ശ്രമം

Published

|

Last Updated

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്വന്‍ വിവാദമായിരിക്കെ പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള കുറുക്ക് വഴികളുമായി മാതൃഭൂമി. ഒന്നാം പേജില്‍ തന്നെ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം ഗാന്ധിജിയും ആര്‍ എസ് എസും എന്ന പേരില്‍ മോഹന്‍ ഭഗവതിന്റെ ലേഖനവുായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പറയുന്നു. സമീപകാലത്തായി പത്രം കാണിക്കുന്ന രാഷ്ട്രീയ ലൈന്‍ മറച്ചുപിടിച്ച് എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് മാതൃഭൂമിയില്‍ സ്ഥാനമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കളുടെ ലേഖനങ്ങളാണ് ഇതിനായി എഡിറ്റ് പേജില്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പ്രതികരണങ്ങളും മാതൃഭൂമി വാര്‍ത്തയാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്താണ് മോഹന്‍ ഭഗവതിന്റ ലേഖനം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യമെന്ന് എവിടെയും വിശദീകരിക്കുന്നില്ല.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം വന്‍വിവാദത്തിലേക്ക് എന്ന് പറഞ്ഞാണ് ഒന്നാം പേജിലെ കുറിപ്പ്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം പറയുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സയേ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്യാണെന്നാണ് എതിരാളികളുടെ അഭിപ്രായമെന്ന് മാതൃഭൂമി പറയുന്നു.

ഇതില്‍ എവിടെയും തങ്ങള്‍ ആ ലേഖനം കൊടുക്കാനുണ്ടായ സാഹചര്യമോ അതില്‍ പത്രത്തിന്റെ നിലപാട് എന്താണെന്നോ വിശദീകരിക്കുന്നില്ല. മോഹന്‍ ഭഗവതിന്റെ ലേഖനം തങ്ങള്‍ നല്‍കിയത് ഇത്രമാത്രം വിവാദമായ സാഹചര്യത്തില്‍ മുഖപ്രസംഗത്തിലൂടെ ഒരു വിശദീകരണം മാതൃഭൂമി നല്‍കുമെന്ന് പ്രതീക്ഷപ്പെട്ടിരുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസം ഇനിയും മുന്നേറാം എന്നതാണ് ഇന്നത്തെ മുഖപ്രസംഗം.

അതേ സമയം വിരുദ്ധ അഭിപ്രായക്കര്‍ക്ക് തങ്ങള്‍ വലിയ പരിഗണന നല്‍കുന്നുണ്ടെന്ന് കാണിക്കാന്‍ എഡിറ്റ് പേജില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുടെ പ്രതികരണം നല്‍കിയിട്ടുണ്ട്. അതേ സമയം ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുടെ ആരുടേയും അഭിപ്രായങ്ങല്‍ വിശദീകരണങ്ങള്‍ നല്‍കാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയും ചെയ്യുന്നു.

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ബി ജെ പിയും ആര്‍ എസ് എസും ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഗാന്ധിജിയെ ഹിന്ദുത്വത്തിന്റെ വക്താവാക്കി മാറ്റാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഗാന്ധിജി ഉയര്‍ത്തിയ സ്വദേശി മുദ്രാവാക്യം, ഗോവധത്തിന് എതിരായ നിലപാട്, അംഹിസാ വാദം എന്നിവ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ നി്‌ലപാടുമായി ചേര്‍ന്ന് നില്‍ക്കുന്നത് തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ ആര്‍ എസ് എസ് ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിട്ടില്ലെന്ന ചരിത്ര വസ്തുത മറച്ചുവെച്ചാണ് പ്രചാരണം. ഗാന്ധിജിയെ വധിച്ച ഗോഡ്‌സേക്ക് ആര്‍ എസ് എസുമായുള്ള ബന്ധവും ഇവര്‍ തമസ്‌ക്കരിക്കുന്നു. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള സംഘ്പരിവാറിന്റെ ഇത്തരം ഗൂഢ ശ്രമങ്ങള്‍ക്ക് പിന്തുണയേകുക എന്നത് തന്നെയായിരുന്നു മാതൃഭൂമി ലേഖനത്തിന്റെ ഉള്ളടക്കം എന്നത് വ്യക്തമാണ്. എന്നാല്‍ ഇത് മറച്ചുപിടിച്ച് എല്ലാവരേയും മാതൃഭൂമി ഉള്‍ക്കൊള്ളുന്നുവെന്ന് സ്ഥാപിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇന്ന് നടത്തിയത്. ഒപ്പം പ്രതിഷേധങ്ങളുടെ മൂര്‍ച്ച കുറക്കുകയും.

എ പി ശമീര്‍

Latest