Connect with us

Ongoing News

ബഷീർ ഓർമയായിട്ട് രണ്ട് മാസം: എങ്ങുമെത്താതെ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ ഓർമയായിട്ട് രണ്ട് മാസം തികയുന്നു. മദ്യലഹരിയിൽ യുവ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ബഷീർ ദാരുണമായി കൊല്ലപ്പെടുന്നത്.
സംഭവം നടന്ന് രണ്ട് മാസമാകുമ്പോഴും കേസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം അദ്യ ഘട്ടത്തിൽ നടത്തിയ തെളിവെടുക്കലിനും രഹസ്യമൊഴി രേഖപ്പെടുത്തലുകൾക്കും ശേഷം ഇപ്പോൾ കേസന്വേഷണം മരവിച്ച അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. പ്രത്യേക അന്വഷണ സംഘം കേസിൽ ഇനി ലഭിക്കാനുള്ള പ്രധാന റിപ്പോർട്ടുകൾ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.

ഫോറൻസിക് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഫോക്‌സ് വാഗൺ കമ്പനി എന്നിവരുടെ റിപ്പോർട്ടാണ് കുറച്ചു നാളായി പ്രത്യേക അന്വഷണ സംഘം പ്രതീക്ഷിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് കാറിന്റെ അമിത വേഗമടക്കമുള്ള കാര്യങ്ങൾ വ്യക്തമാകാനായി ഫോക്‌സ് വാഗൺ കമ്പനിയുടെ റിപ്പോർട്ടാണ് പ്രത്യേക അന്വഷണ സംഘം പ്രതീക്ഷിക്കുന്നത്. അപകട സമയത്ത് ബഷീറിന്റെ കൈവശമുണ്ടായിരുന്ന സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടിരുന്നു. ഈ ഫോൺ ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

അപകടം നടന്നതു മുതൽ പോലീസ് ഒത്തുകളിച്ച കേസിൽ പത്രപ്രവർത്തക സമൂഹത്തിന്റെയും സിറാജ് മാനേജ്‌മെന്റിന്റെയും ബഷീറിന്റെ കുടുംബത്തിന്റെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. ആഗസ്റ്റ് ആറിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവാകുമ്പോൾ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചത്.
കേസിൽ ഒത്തുകളിച്ച മ്യൂസിയം പോലീസിന്റെ വീഴ്ചകൾ കൂടി അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘം ആഗസ്റ്റ് 13ന് കോടതിയിൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ മ്യൂസിയം പോലീസിന്റെ വാദം ന്യായീകരിക്കുന്ന രീതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് ഏറെ വിവാദമായിരുന്നു.

അപകടം നടന്ന സമയത്ത് തന്നെ സംഭവ സ്ഥലത്തെത്തിയ മ്യൂസിയം പോലീസ്, കാറോടിച്ച ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരോ കാറിൽ ഒപ്പമുണ്ടായിരുന്ന മോഡൽ വഫ ഫിറോസിന്റെ പേരോ പരാമർശിക്കാതെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയതത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 279, 304 എന്നീ വകുപ്പുകൾ പ്രകാരമാണ് ആദ്യം എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 279ാം വകുപ്പ് പ്രകാരം അമിത വേഗത്തിൽ അപകടമാം വിധം വാഹനമോടിച്ചതിനും 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വാഹനമോടിച്ചത് ആരാണ് എന്നതിന്, അറിയില്ല എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മർദത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനൽ റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചാർജ് ചെയ്യുന്നതും വെങ്കിട്ടരാമനെ റിമാൻഡ് ചെയ്യുന്നതും.

മദ്യപിച്ചുവെന്ന സംശയമുണ്ടായിട്ടും മെഡിക്കൽ പരിശോധന നടത്താതെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ അനുവദിക്കുകയായിരുന്നു. പിന്നീട് ഒന്പത് മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രിയിൽ ചികിത്സ തേടിയ ശ്രീറാമിന്റെ രക്തം പരിശോധിക്കാനായത്.
എന്നാൽ, പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ, സിറാജ് മാനേജ്‌മെന്റ്പ്രതിനിധികൾ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാമിന്റെ രക്തപരിശോധന വൈകാൻ കാരണമെന്ന മ്യൂസിയം പോലീസിന്റെ വാദം ആവർത്തിക്കുകയാണ് ചെയ്തത്. കേസിൽ ഗുരുതരമായ ക്രമക്കേട് നടത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് സിറാജ് മാനേജ്‌മെന്റ്നൽകിയിട്ടുള്ള കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി (മൂന്ന്)ന്റെ പരിഗണനയിലാണ്.

സിറാജ് ഡയറക്ടർ എ സെയ്ഫുദ്ദീൻ ഹാജിക്ക് വേണ്ടി അഡ്വ. എസ് ചന്ദ്രശേഖരൻ നായരാണ് കേസ് വാദിക്കുന്നത്.
എ ഡി ജി പി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ്കമ്മീഷണർ ഷീൻ തറയിലിനെ മാറ്റി ക്രൈം ബ്രാഞ്ച് എസ് പി. എ ഷാനവാസിന് ചുമതല നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷിക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.

Latest