Connect with us

National

രാജ്യത്തെ ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി

Published

|

Last Updated

അഹമ്മദാബാദ്: ഇന്ത്യയിലെ ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് അഭിയാന്‍ ശുചിത്വ പദ്ധതിയിലൂടെ 20,000 ഗ്രാമങ്ങള്‍ ഈ നേട്ടം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിയുടെ 150ാം ജനമദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് മടിയില്ല. ശുചിത്വം അവരുടെ ചിന്താ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 മാസത്തിനിടെ 60 കോടിയിലധികം ആളുകള്‍ക്ക് 11 കോടിയിലധികം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി. ഈ വിജയത്തില്‍ ലോകം ആശ്ചര്യപ്പെട്ടുനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ പദ്ധതി 75 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

2014 ലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2014 ഒക്ടോബര്‍ 2 ന് 38.7 ശതമാനമായിരുന്ന രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ പരിരക്ഷ. ഇത് 98 ശതമാനത്തിലധികമായി വര്‍ധിപ്പിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.