ചൈനയോട് സലാം ചൊല്ലി സാംസംഗും; സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം നിര്‍ത്തി

Posted on: October 2, 2019 6:59 pm | Last updated: October 2, 2019 at 6:59 pm

സിയോള്‍: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ചൈനയില്‍ സാംസംഗ് മൊബൈല്‍ ടെലിഫോണ്‍ ഉത്പാദനം അവസാനിപ്പിച്ചു. ആഭ്യന്തര എതിരാളികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തിലാണ് സാംസങ് ഇലക്‌ട്രോണിക്‌സ് കോ ലിമിറ്റഡ് ചൈനയിലെ പ്ലാന്റ് പൂട്ടിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഹുയിഷൂവിലെ പ്ലാന്റിലെ ഉത്പാദനം കമ്പനി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മറ്റൊരു ഫാക്ടറി താല്‍ക്കാലികമായി അടക്കുകയും ചെയ്തിരുന്നു.

വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ പ്രധാന കാരണം. സോണിയും നേരത്തെ ചൈനയിലെ പ്ലാന്റ് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബീജിംഗിലെ പ്ലാന്റിനാണ് സോണി പൂട്ടിടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റ് അടയ്ക്കുകയാണെന്നും തായ്‌ലന്‍ഡില്‍ മാത്രമേ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുകയുള്ളൂവെന്നും സോണി അറിയിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ ഇപ്പോഴും ചൈനയില്‍ പ്രധാന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുന്നുണ്ട്. അതേസമയം, സാംസംഗ് ചൈനയില്‍ വില്‍പന തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചൈനീസ് വിപണിയിലെ സാംസങ്ങിന്റെ പങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 1 ശതമാനമായി ചുരുങ്ങിയിരുന്നു. 2013 മധ്യത്തില്‍ ഇത് 15 ശതമാനമായിരുന്നു. അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ ഹുവാവേ ടെക്‌നോളജീസ്, ഷിയോമി കോര്‍പ്പ് എന്നിവയുടെ മുന്നേറ്റമാണ് മറ്റു കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ചൈനയില്‍ ആളുകള്‍ ആഭ്യന്തര ബ്രാന്‍ഡുകളില്‍ നിന്ന് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളും ആപ്പിളില്‍ നിന്നോ ഹുവാവേയില്‍ നിന്നോ ഉയര്‍ന്ന വിലയുള്ള ഫോണുകള്‍ വാങ്ങുന്നുവെന്നും സാംസങ്ങിന് അതിന്റെ വിഹിതം പുനരുജ്ജീവിപ്പിക്കാനാകുമെന്ന് വലിയ പ്രതീക്ഷയില്ലെന്നും കേപ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് പാര്‍ക്ക് സംഗ് സൂണ്‍ പറഞ്ഞു.