Connect with us

Ongoing News

കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു. കപില്‍ ദേവ് ഉള്‍പ്പെടെ മൂന്ന് പാനല്‍ അംഗങ്ങള്‍ക്ക് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജയിന്‍ ഭിന്ന താത്പര്യ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് നോട്ടീസ് നല്‍കപ്പെട്ട മറ്റു രണ്ട് പേര്‍. ഇതില്‍ രംഗസ്വാമി നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കപിലിന്റെ രാജി പ്രഖ്യാപനം.

പുരുഷ ക്രിക്കറ്റ് ടീമിനായി ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കമ്മിറ്റിയില്‍ നിന്ന് ഉടന്‍ തന്നെ രാജിവെക്കുന്നുവെന്നും കപില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ തലവന്‍ വിനോദ് റായ്, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കപില്‍ ഇമെയില്‍ അയച്ചിട്ടുണ്ട്.

നിലവിലെ ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുത്ത മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 10 നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ നോട്ടീസ് അയച്ചിരുന്നു. ഓഗസ്റ്റില്‍ രവി ശാസ്ത്രിയെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്ത മൂവര്‍ക്കുമെതിരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ലൈഫ് അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയിലായിരുന്നു നടപടി. ബിസിസിഐ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേ സമയം ഒന്നിലധികം തസ്തികകള്‍ വഹിക്കാന്‍ കഴിയില്ല.

Latest