Connect with us

National

തമിഴ്‌നാട്ടില്‍ വന്‍ ജ്വല്ലറി കവര്‍ച്ച ; 50 കോടിയുടെ സ്വര്‍ണം നഷ്ടപ്പെട്ടു

Published

|

Last Updated

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വന്‍ ജ്വല്ലറി കവര്‍ച്ച. നഗരമധ്യത്തിലെ ചൈത്രം ബസ്റ്റാന്റിന് സമീപമുള്ള ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ നിന്നും 50 കോടിയുടെ സ്വര്‍ണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സി സി ടിവി ദൃശ്യങ്ങളിലുണ്ട്.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നു. മൃഗങ്ങളുടെ മുഖംമൂടിധരിച്ചെത്തിയ മോഷ്ടക്കാള്‍ സ്വര്‍ണവും മറ്റ് സ്വര്‍ണാഭരണങ്ങളും ബാഗിലാക്കി രക്ഷപ്പെടുകയായിരുന്നു. മുഖംമൂടി ധരിച്ച് ഇവര്‍ വരുന്നതും പോകുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്.

രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ ഉടനീളം മുളക്‌പൊടി വിതറിയിട്ടുണ്ട്. നാടിനെ നടുക്കിയ കൊള്ളയെക്കുറിച്ച് അന്വേഷിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്ക്കരിച്ചു. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും ജ്വല്ലറിയിലെത്തി തെളിവ് ശേഖരിച്ചു. പ്രദേശത്തെ എല്ലാ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു വരികയാണ്. ഈ മേഖലയില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറില്‍ വന്നതും പോയതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള കൊള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയില്‍ തിരുച്ചിറപ്പള്ളിയില്‍ വമ്പന്‍ കൊള്ള നടന്നിരുന്നു. അന്ന് തിരുച്ചിറപ്പള്ളി ചെന്നൈ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണല്‍ ബേങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. അഞ്ച് ലോക്കറില്‍ നിന്നായി സ്വര്‍ണാഭരണവും 19 ലക്ഷം രൂപയും കവര്‍ന്നിരുന്നു.

Latest