Connect with us

Articles

ഗാന്ധിയോര്‍മ ഒരു പ്രതിരോധമാണ്

Published

|

Last Updated

ന്യൂനപക്ഷങ്ങളും ദളിതുകളും സ്ത്രീകളും ഭരണഘടനയുടെ ഫെഡറല്‍ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും വേട്ടയാടപ്പെടുന്ന അത്യന്തം ആപത്കരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് നാം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആചരിക്കുന്നത്. കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് തങ്ങളുടെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള നീക്കം സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനയെ അപ്രസക്തമാക്കിയാണ് പൗരത്വ നിയമവും മുത്വലാഖ്, എന്‍ ഐ എ-യു എ പി എ നിയമ ഭേദഗതികള്‍ കൊണ്ടുവന്നതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും. ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഗാന്ധി സ്മരണയുടെ പ്രസക്തി കൂടുകയാണ്.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരെ സംഘടിതരാക്കി വര്‍ണ, വംശീയ വിവേചനത്തിനെതിരെ സമരം നയിച്ചാണ് ഗാന്ധിജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യൂറോപ്യന്‍ മുതലാളിമാര്‍ക്കു കീഴില്‍ അടിമതുല്യമായ ജീവിതം നയിക്കുന്ന കൂലിവേലക്കാരെ സംഘടിപ്പിച്ചും അടിമ വേലക്കെതിരെ നിയമ പോരാട്ടങ്ങളും സമരങ്ങളും നടത്തിയുമാണ് ഇന്ത്യന്‍ വംശജരുടെ പ്രിയങ്കരനായ നേതാവായി ഗാന്ധി വളരുന്നത്.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഗാന്ധി കടന്നു വരുന്നത് 1919ല്‍ അമൃതസരസ് എ ഐ സി സി സമ്മേളനത്തോടെയാണ്. ഹിന്ദു മഹാസഭയും മുസ്‌ലിം ലീഗും ഉയര്‍ത്തിയ മതരാഷ്ട്രവാദത്തെ അതിജീവിച്ച് സ്വതന്ത്ര ഇന്ത്യക്കു വേണ്ടിയുള്ള സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പാതയില്‍ എല്ലാ വിഭാഗങ്ങളെയും അണിനിരത്താനുള്ള ഇടപെടലുകളാണ് ഗാന്ധി നടത്തിയത്. ദേശീയ പ്രസ്ഥാനത്തിലേക്ക് തൊഴിലാളികളെയും കര്‍ഷകരെയും അടിച്ചമര്‍ത്തപ്പെട്ട ജാതി സമൂഹങ്ങളെയും അണിനിരത്താന്‍ അദ്ദേഹം പരിശ്രമിച്ചു. ഹിന്ദു- മുസ്‌ലിം മൈത്രിയില്ലാതെ സ്വരാജ് നേടാനാകില്ലെന്ന് ഗാന്ധി ദേശീയ നേതാക്കളെ ബോധ്യപ്പെടുത്തി.

എല്ലാവിധ സാമൂഹിക പരിഷ്‌കരണങ്ങളെയും എതിര്‍ത്ത ബാലഗംഗാധര തിലകന്റെ നിലപാടുകളോട് ഗാന്ധി പൊരുത്തപ്പെട്ടിരുന്നില്ല. ഗോപാലകൃഷ്ണ ഗോഖലെ മുന്നോട്ടുവെച്ച ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളോടാണ് ഗാന്ധി ഏറെ യോജിച്ചത്. ജാതി പ്രശ്നത്തെ കാര്‍ഷിക ബന്ധങ്ങളില്‍ വരേണ്ട മാറ്റവുമായി ബന്ധിപ്പിച്ചുകാണാന്‍ തയ്യാറായില്ലെങ്കിലും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കും അയിത്തത്തിനുമെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. വര്‍ണാശ്രമ ധര്‍മത്തോട് അനുരഞ്ജനപ്പെടുമ്പോഴും ജാതിമര്‍ദനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് തൊട്ടുകൂടായ്മക്കെതിരെ വിപുലമായ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം കൊടുത്തു.
ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ മുന്നേറ്റം ലക്ഷ്യം വെച്ചാണ് ഗാന്ധി നീങ്ങിയത്. ഇന്ത്യന്‍ ജനതയില്‍ ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ആഹ്വാനവും അസ്പൃശ്യതക്കെതിരായ അദ്ദേഹത്തിന്റെ പ്രതിഷേധവും വലിയ സ്വാധീനം ചെലുത്തി.

1886ലെ കല്‍ക്കത്ത എ ഐ സി സി സമ്മേളനം മുന്നോട്ടുവെച്ച മതനിരപേക്ഷ രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യയെന്ന ആശയവും ഇന്ത്യയെന്ന ജനങ്ങളുടെ ഐക്യവും എന്താണ് അര്‍ഥമാക്കുന്നതെന്ന് കല്‍ക്കത്ത സമ്മേളനത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കി; “”മഹാഭൂരിപക്ഷം രാഷ്ട്രീയ പ്രശ്നങ്ങളില്‍ പരസ്പരം പ്രതിനിധാനം ചെയ്യാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് സമൂഹത്തോടുള്ള ലൗകിക താത്പര്യമാണ്; ആത്മീയ ബന്ധങ്ങളല്ല. ഈ രാജ്യത്തെ പൊതുതാത്പര്യം ഒന്നായിരിക്കെ, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും പാര്‍സികളും അവരവരുടെ സമുദായങ്ങളിലെ അംഗങ്ങളായിരിക്കാന്‍ യോഗ്യരായിരിക്കുന്നതു പോലെ പൊതു മതനിരപേക്ഷ ചര്‍ച്ചകളില്‍ പരസ്പരം പ്രതിനിധാനം ചെയ്യാനും യോഗ്യരാണ്.””
ഹിന്ദു മഹാസഭയും പിന്നീട് ആര്‍ എസ് എസുമൊക്കെ മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന് വാദിച്ചപ്പോള്‍ ഗാന്ധി ഈയൊരു നിലപാടില്‍ നിന്നാണ് അത്തരം വര്‍ഗീയവാദ സിദ്ധാന്തങ്ങളെ പ്രതിരോധിച്ചത്. ഹിന്ദു മഹാസഭയുടെ ആദ്യകാല നേതാക്കള്‍ ഹൈന്ദവതയാണ് പ്രധാനം രാഷ്ട്രമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഒരാള്‍ ആദ്യമായി ഹിന്ദുവാണെന്നും പിന്നെ മാത്രമേ ഇന്ത്യക്കാരനാകുന്നുള്ളൂ എന്നതു പോലുള്ള വാദങ്ങളാണ് ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാക്കള്‍ മുന്നോട്ടു വെച്ചത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം ഹിന്ദുക്കളുടെ യഥാര്‍ഥ ശത്രുക്കള്‍ക്കെതിരായുള്ള പോരാട്ടത്തെ അപ്രസക്തമാക്കിക്കളയുമെന്ന വേവലാതിയായിരുന്നു അവര്‍ക്ക്.

ഗാന്ധിജിയോടും നെഹ്റുവിനോടുമുള്ള ആര്‍ എസ് എസിന്റെ എതിര്‍പ്പിന്റെ മൂലകാരണം തങ്ങള്‍ ഒന്നാമത്തെ ശത്രുവായി കാണുന്ന മുസ്‌ലിംകളെ മാറോടണക്കുകയും ഹിന്ദു – മുസ്‌ലിം മൈത്രിക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. ഹിന്ദു – മുസ്‌ലിം മൈത്രിയില്ലാതെ സ്വരാജ് യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്ന് നിരന്തരമായി ഓര്‍മിപ്പിച്ച ഗാന്ധി ആര്‍ എസ് എസിന്റെ പ്രഖ്യാപിത ശത്രുവായി മാറുകയായിരുന്നു.
ഗോപാലകൃഷ്ണ ഗോഖലെ നേരത്തെ തന്നെ മതരാഷ്ട്രവാദം ഉയര്‍ത്തി ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അസ്ഥിരീകരിക്കുന്ന ഹിന്ദു മഹാസഭയെയും മുസ്‌ലിം ലീഗിനെയും രാജ്യദ്രോഹ സംഘടനകളായിട്ടാണ് വിലയിരുത്തിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയ ബ്രിട്ടീഷ് വിരുദ്ധ ദേശീയ മുന്നേറ്റങ്ങള്‍ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഹിന്ദു മഹാസഭയേക്കാള്‍ മിലിറ്റന്റായ ഒരു സംഘടനയെന്ന നിലക്ക് ആര്‍ എസ് എസ് രൂപവത്കരിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത്. ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസിന്റെയും ശത്രുവായി ഗാന്ധി മാറുന്നത് ഹിന്ദു രാഷ്ട്രവാദത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതുകൊണ്ടാണ്.

ഹൈന്ദവതക്ക് പൊറുപ്പിക്കാനാകാത്ത അപരാധമായിട്ടാണ് ഗാന്ധിജിയുടെ ഇടപെടലുകളെയും ഹിന്ദു- മുസ്‌ലിം മൈത്രിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും ആര്‍ എസ് എസ് കണ്ടത്. മുസ്‌ലിംകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായി നടത്തിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന പ്രചാരണങ്ങളാണ് അവര്‍ ഗാന്ധിക്കെതിരെയും നടത്തിയത്. അത്തരം അപവാദ പ്രചാരണങ്ങളുടെയും ക്രൂരമായ ആക്രമണങ്ങളുടെയും നടുവില്‍ നിന്നാണ് ഗാന്ധിജി ഇങ്ങനെ ചോദിച്ചത്; “”യുധിഷ്ഠിരന്റെ ധര്‍മ ബോധവും പാണ്ഡവരുടെ ക്ഷമാ ശീലവുമുള്ള, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിംകള്‍ തന്റെ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന, സനാതന ഹിന്ദുവായ ഒരു ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് അത്രവലിയ അപരാധമാണോ?””
ഗാന്ധി വധത്തെയും അതിലേക്ക് നയിച്ച സാഹചര്യത്തെയും സംബന്ധിച്ച് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിച്ചത്. തങ്ങളുടെ അപരാധപൂര്‍ണമായ പങ്കിനെ മറച്ചു പിടിക്കാനുള്ള കൗശലമാണ് അവരുടെ പ്രചാര വേലകളെന്ന് ചരിത്ര ബോധമുള്ള എല്ലാവര്‍ക്കും അറിയാം. സംഘടനാ തലത്തില്‍ ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്നും ഗോഡ്സെ ആര്‍ എസ് എസ് അംഗമല്ലെന്നുമാണ് നിരന്തരമായി അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത്തരം വാദങ്ങളെയും നിഷേധ പ്രസ്താവനകളെയും അപ്രസക്തമാക്കുന്ന തരത്തിലാണ് 1991 ജൂണ്‍ അഞ്ചിന് പൂനെയിലെ ഒരു പത്രസമ്മേളനത്തില്‍ ഗോപാല്‍ ഗോഡ്സെ തന്റെ സഹോദരന്‍ നാഥുറാം ഒരു ആര്‍ എസ് എസ് വളണ്ടിയറായിരുന്നുവെന്ന് പ്രസ്താവിച്ചത്. 1993 നവംബര്‍ 23ന്റെ ഫ്രണ്ട്ലൈന്‍ ലക്കത്തില്‍ വന്ന ഗോപാല്‍ ഗോഡ്സെയുമായുള്ള അഭിമുഖത്തില്‍ നാഥുറാം ഗോഡ്സെയുടെ ആര്‍ എസ് എസ് ബന്ധം കൃത്യമായി വിശദീകരിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഗാന്ധി വധത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമ്പോള്‍ നമുക്ക് അത് കൃത്യമായി മനസ്സിലാകും.

1946ല്‍ പാക്കിസ്ഥാന്‍ വാദം ഉയര്‍ത്തി ജിന്നയും ലീഗും പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തതോടെയാണ് ആര്‍ എസ് എസുകാര്‍ നാടുനീളെ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടത്. ആര്‍ എസ് എസ് മേധാവിയായ ഗോള്‍വാള്‍ക്കര്‍, കലാപങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെ അതീവ അസഹിഷ്ണുതയോടെയാണ് നേരിട്ടത്. ഹിന്ദു- മുസ്‌ലിം ഐക്യം കൂടാതെ സ്വരാജ് യാഥാര്‍ഥ്യമാകില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ സമൂഹത്തോട് കടുത്ത വഞ്ചന കാണിക്കുകയാണെന്നും മഹത്വവും പൗരാണികവുമായ ഒരു വംശത്തിന്റെ ശക്തി ചോര്‍ത്തിക്കളയുകയാണെന്നും ഗാന്ധിയെ പേരെടുത്തു പറയാതെ ഗോള്‍വാള്‍ക്കര്‍ അധിക്ഷേപിച്ചു. ഹിന്ദു- മുസ്‌ലിം ഐക്യത്തെയും ഇന്ത്യയുടെ പൗരാണികതയെയും സംബന്ധിച്ച് ആര്‍ എസ് എസിന്റെ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായ ധാരണയായിരുന്നു ഗാന്ധിജിക്കുള്ളതെന്ന കാര്യം ഹിന്ദുത്വ വാദികളെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്നു.

ആര്‍ എസ് എസും മുസ്‌ലിം ലീഗും ബംഗാളിലെ നവഖാലിയില്‍ രക്തപങ്കിലമായ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തതോടെയാണ് ഗാന്ധി അങ്ങോട്ട് തിരിക്കുന്നത്. നവഖാലിയിലെ ചതുപ്പു നിലങ്ങളില്‍ കബന്ധങ്ങളും ചോരയും നിറഞ്ഞു. അവിടെ സമാധാനത്തിന്റെ മന്ത്രങ്ങളുമായി ഗാന്ധി കടന്നു ചെന്നതും ഹിന്ദുത്വ വാദികള്‍ക്ക് സഹിച്ചില്ല. മതരാഷ്ട്ര വാദത്തെയും വര്‍ഗീയതയെയും എതിര്‍ത്തതു കൊണ്ടുതന്നെയാണ് ഗാന്ധിക്ക് ജീവിതമവസാനിപ്പിക്കേണ്ടി വന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വം ഇന്ത്യയുടെ ബഹുസ്വരതക്കും മതനിരപേക്ഷതക്കും വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും നാനാ ജാതികളും വംശങ്ങളും ചേര്‍ന്ന ഇന്ത്യയെന്ന സങ്കല്‍പ്പത്തിനു വേണ്ടിയാണ് ഗാന്ധി ജീവന്‍ നല്‍കിയത്. ഗാന്ധിയുടെ ജീവിതവും രക്തസാക്ഷിത്വവും വര്‍ഗീയ, വംശീയതക്കെതിരായ സെക്കുലര്‍ ജനാധിപത്യത്തിനു വേണ്ടിയായിരുന്നു. ഗാന്ധി സ്മരണ ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന ഹിന്ദുത്വത്തിന്റെ ബലപ്രയോഗങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുകയാണ്. മറ്റെല്ലാ വീക്ഷണ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യയെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതാണ് എല്ലാ വിഭാഗത്തിലുംപെട്ട ജനാധിപത്യ വാദികളില്‍ അര്‍പ്പിതമായിരിക്കുന്ന കടമ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിയുടെ ധീരസ്മരണ, ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യയുടെ രക്ഷക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കട്ടെ.

കെ ടി കുഞ്ഞിക്കണ്ണന്‍

Latest