Connect with us

Editorial

നാണംകെട്ട് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

ഇല്ലാത്ത ലൗജിഹാദ് ആരോപണത്തിലൂടെ ആഗോള സമൂഹത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുകയാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍. ഡല്‍ഹി ചാണക്യപുരി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സിയാനിയുടെ മുസ്‌ലിം യുവാവുമായുള്ള അടുപ്പമാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ലൗജിഹാദായി ചിത്രീകരിച്ച് വിഷലിപ്തമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത്. വിഷയത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തെഴുതുകയുമുണ്ടായി.

പെണ്‍കുട്ടിയെ ഇസിലില്‍ ചേര്‍ക്കുമെന്ന് ഭയക്കുന്നതായും ജോര്‍ജ് കുര്യന്‍ “ആശങ്ക”പ്പെട്ടു. അബൂദബിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സിദ്ദീഖിയുമായി ഒമ്പത് മാസമായി പ്രണയത്തിലാണ് ക്രിസ്തീയ കുടുംബത്തിലെ അംഗമായ സിയാനി. അതിനിടെ അവര്‍ മതം മാറി ആഇശ എന്ന പേര് സ്വീകരിക്കുകയും സിദ്ദീഖിയുമായുള്ള വിവാഹത്തിനായി ഏതാനും ദിവസം മുമ്പ് അബൂദബിയിലെത്തുകയും ചെയ്തു. ഇത് ലൗജിഹാദാണെന്നാരോപിച്ച് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ഡല്‍ഹി ഡിഫന്‍സ് കോളനി പോലീസില്‍ പരാതി നല്‍കി. ഇതോടെ വിഷയം സംഘ്പരിവാറും കേന്ദ്ര ന്യൂനപക്ഷ കമ്മീഷനും ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യന്‍ അധികൃതര്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. എംബസി വൃത്തങ്ങളുടെ ചോദ്യം ചെയ്യലില്‍ താന്‍ ലൗജിഹാദിന്റെ ഇരയല്ലെന്നു പെണ്‍കുട്ടി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്‌ലിം യുവാവുമായി പ്രണയത്തിലായത്. പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യണമെന്നാണ് താത്പര്യം. ഇക്കാര്യത്തില്‍ ഒരു ഭാഗത്തു നിന്നും യാതൊരു സമ്മര്‍ദവുമില്ലെന്നും എല്ലാം സ്വന്തം തീരുമാന പ്രകാരമാണെന്നും അവര്‍ അറിയിച്ചതോടെ എംബസി യുവതിയെ അവരുടെ വഴിക്കു വിട്ടു. യുവതി നല്‍കിയ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി വിദേശ മന്ത്രാലയത്തിനും മാതാപിതാക്കള്‍ക്കും കൈമാറുകയും യുവാവിന്റെയും യുവതിയുടെയും സുരക്ഷക്കുള്ള നടപടികളും എംബസി സ്വീകരിക്കുകയും ചെയ്തു.
തന്റെ നിലപാട് വിശദീകരിച്ച് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഡല്‍ഹി, കേരള മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുമുണ്ട്. നല്ലതെന്നു ബോധ്യപ്പെടുന്ന വിശ്വാസം ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു എന്നിരിക്കെ തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഷ്ടപ്പെട്ട യുവാവുമായി ഒന്നിച്ചു ജീവിക്കാനുള്ള താത്പര്യമനുസരിച്ചാണ് അബൂദബിയിലേക്ക് വന്നതെന്നും ഇക്കാര്യം തന്നെ കാണാന്‍ അബൂദബിയിലെത്തിയ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇതോടെ വിഷയം ലൗജിഹാദാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷനു മിണ്ടാട്ടമില്ലാതായിരിക്കുകയാണ്.

അതിനിടെ കോഴിക്കോട്ട് നിന്ന് മറ്റൊരു ലൗജിഹാദ് ആരോപണം ഉയര്‍ന്നു വന്നു. കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ വെച്ച് ഒരു വിദ്യാര്‍ഥിനിയെ മയക്കു മരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന സംഭവമാണ് ആരോപണത്തിനു ആധാരം. സംസ്ഥാനത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങളിലൊന്നു മാത്രമാണിതെങ്കിലും പീഡകന്‍ മുസ്‌ലിം സമൂഹത്തിലെ അംഗവും ഇര ഒരു ക്രിസ്തീയ യുവതിയുമായതാണ് ലൗജിഹാദ് ആരോപണത്തിന് അവസരമൊരുക്കിയത്. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെ സി ബി സി)ഒത്താശയോടെ കുട്ടിയുടെ മാതാപിതാക്കളാണ് വിഷയത്തില്‍ ലൗജിഹാദ് മണത്ത് പോലീസിനെ സമീപിച്ചത്. യുവാവ് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ മതം മാറ്റത്തിന് നിര്‍ബന്ധിച്ചുവെന്ന് ഇവര്‍ പറയുന്നു. ആരോപണം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏറ്റുപിടിക്കുകയും അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. പ്രണയത്തെ തുടര്‍ന്നുള്ള മതം മാറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനായി കെ സി ബി സി പ്രചാരണവും ബോധവത്കരണവും നടത്തി വരികയുമാണ്. 2005- 2012 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നാലായിരത്തോളം ക്രിസ്തീയ യുവതികള്‍ ഇസ്‌ലാം സ്വീകരിച്ചതായും ഇതിലേറെയും ലൗജിഹാദാണെന്നുമാണ് കെ സി ബി സി പ്രസിദ്ധീകരണമായ ജാഗ്രതയുടെ കണ്ടുപിടിത്തം.
ഹിന്ദു ജനജാഗ്രുതി എന്ന സംഘ്പരിവാര്‍ വെബ്‌സൈറ്റിന്റെ കള്ളക്കഥകള്‍ ഏറ്റുപിടിച്ച് 2009 ആഗസ്റ്റില്‍ മലയാള ദിനപ്പത്രങ്ങളായ മലയാള മനോരമയും കേരള കൗമുദിയുമാണ് രാജ്യത്ത് ആദ്യമായി ലൗജിഹാദ് ആരോപണവുമായി രംഗത്തു വന്നത്. മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് ഇതര മതസ്ഥരായ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നും മുസ്‌ലിം ഭീകരതയുടെ ഭാഗമാണ് പദ്ധതിയെന്നും അവര്‍ തട്ടിവിട്ടു. ഇതിന് ബലമേകാന്‍ ഇസ്‌ലാമിനെ പഠിച്ചറിഞ്ഞ്, സ്വയം അതിലേക്ക് കടന്നുവന്ന ചില വിദ്യാര്‍ഥിനികളുടെ മതം മാറ്റത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി ചിത്രീകരിച്ചു കൊണ്ടുള്ള കെട്ടുകഥകളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പൊന്നാടയണിയിച്ച് സ്വന്തം കണ്ടെത്തലെന്ന നിലയിലാണ് ഇവര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചത്. ഇതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയിലും പരാതിയെത്തി. വിശദമായ അന്വേഷണത്തില്‍ കേരളത്തില്‍ ലൗജിഹാദ് എന്ന സംഭവമേ നടക്കുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പോലീസ് കണ്ടെത്തിയത്.

പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയും ഇതു സംബന്ധമായ കേസുകളിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. അന്നത്തെ കള്ളപ്രചാരണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയിലെയും കോഴിക്കോട്ടെയും സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തത്പര കക്ഷികള്‍ പ്രചരിപ്പിച്ചു വരുന്നത്. സംഘ്പരിവാറിനെയും കെ സി ബി സിയെയും സംബന്ധിച്ചിടത്തോളം ഇതവരുടെ ഹിഡന്‍അജന്‍ഡയുടെ ഭാഗമാണ്. എന്നാല്‍ കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്റെ നിലപാടിന് പിന്നിലെ വികാരമാണ് മനസ്സിലാകാത്തത്.

Latest