Connect with us

Kerala

മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച സംഭവം; രണ്ട് സൈനികരുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: മദ്യ ലഹരിയില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നില്‍ നാല് പേര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്.

സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്‌ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ പുത്തന്‍പുരയില്‍ കൃഷ്ണ കുമാര്‍, കാരക്കുന്നേല്‍ അരുണ്‍ ഷാജി, സഹോദരന്‍ അമല്‍ ഷാജി, തൊട്ടിപ്പറമ്പില്‍ വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ഇതില്‍ കൃഷ്ണകുമാര്‍ കരസേനയിലെ അസിസ്റ്റന്റ് നഴ്‌സും, അരുണ്‍ ഷാജി സാങ്കേതിക വിഭാഗത്തിലുള്ളയാളുമാണ്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എസ്‌ഐ എം പി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്ക് ഇവരുടെ മര്‍ദനത്തില്‍ പരുക്കേറ്റിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു