Connect with us

International

സഊദി - ഇറാന്‍ മഞ്ഞുരുകുമോ? ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് ഇറാനും

Published

|

Last Updated

ടെഹ്‌റാന്‍: ബദ്ധവൈരികളായ സഊദി അറേബ്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി. പ്രാദേശിക സുരക്ഷാ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇറാനുമായി സമാധാനപരമായ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ അല്‍ ജസീറ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അലി ലാരിജാനി ഇക്കാര്യം വ്യക്തമാക്കിയത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സൗദി അറേബ്യ ഈ പ്രദേശത്തിന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കുന്നുണ്ടെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമാണ്. സഊദി അറേബ്യയുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും സംഭാഷണത്തിന് ഇറാന്‍ തയ്യാറാണ്. ഒരു ഇറാനിയന്‍ – സഊദി സംഭാഷണത്തിന് മേഖലയിലെ സുരക്ഷ, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യക്ക് അവരുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയെ ആശ്രയിച്ചു കഴിയേണ്ട ആവശ്യമില്ലെന്നും ലാരിജാനി പറഞ്ഞു. ഇറാനിയന്‍ – സഊദി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ മുന്‍ വിധികള്‍ ഇല്ലാതെ സമര്‍പ്പിക്കാന്‍ സഊദിക്ക് കഴിയുമെന്നും ലാരിജാനി ആത്മവിശ്വസം പ്രകടിപ്പിച്ചു.