കാര്‍ഷിക ശാസ്ത്രജ്ഞന്‍ അഹമ്മദ് ബാവപ്പ ഹാജി അന്തരിച്ചു

Posted on: October 1, 2019 9:15 pm | Last updated: October 1, 2019 at 9:49 pm

പാലക്കാട്: പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ കാരൂത്ത് വില്ലയില്‍ കെ വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ജമാലുദ്ദീന്‍ (ദുബൈ), ഫാത്വിമത്ത് സുഹ്റ, കെ വി സെയ്ദ് അഹമ്മദ്, ഷംസുദ്ദീന്‍ (ഒമാന്‍), സ്വാലിഹ് (ദുബൈ), സുബൈദ (സിങ്കപ്പൂര്‍). മരുമക്കള്‍: ഷാജിദ ബാനു, ജമീല, ഡോ. അഹമ്മദ് ബഷീര്‍, ഫസീല, ഷമീമ, സാഹിര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാരായംകുന്ന് ഖബര്‍സ്ഥാനില്‍.

വിടപറഞ്ഞത് രാജ്യം കണ്ട മികച്ച കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഒരാള്‍
സമുദായത്തിനകത്ത് ശാസ്ത്ര ബോധവും വിജ്ഞാന മുന്നേറ്റവുമുണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി ഒരുപാട് ഇടപെടലുകളും നടത്തിയ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു ഡോ. അഹമദ് ബാവപ്പ. തോട്ടവിള ഗവേഷണത്തില്‍ രാജ്യത്തിനു തന്നെ മുതല്‍കൂട്ടായ നിരവധി കാര്‍ഷിക മുന്നേറ്റങ്ങളാണ് അദ്ദേഹം നടത്തിയത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തന്റെ പ്രഥമ ഡയറക്ടറായി അദ്ദേഹത്തെ സര്‍ക്കാര്‍ തിരഞ്ഞെടുത്തതും മികവിനുള്ള അംഗീകാരമായിരുന്നു.

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സുഗന്ധവ്യഞ്ജന ഗവേഷണ കേന്ദ്രമടക്കം നിരവധി കാര്‍ഷിക പഠന ഗവേഷണ കേന്ദ്രങ്ങള്‍ക്കാണ് അദ്ദേഹം ശിലപാകിയത്. യു എന്‍ ഒയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഫുഡ് കണ്‍സള്‍ട്ടന്റായി ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ദീര്‍ഘകാലം സജീവമായിരുന്നു. സഹപ്രവര്‍ത്തകര്‍ കോക്കനറ്റ് മാന്‍ (നാളികേര മനുഷ്യന്‍) എന്നാണ് വിളിച്ചിരുന്നത്. കേര ഗവേഷണത്തില്‍ തന്റെതായ നിരവധി സംഭാവനകള്‍ നല്‍കിയ ഈ കാര്‍ഷിക വിപ്ലവ നായകന്‍ നിരവധി ഹൈബ്രിഡ് വിളകളാണ് ഉത്പാദിപ്പിച്ചത്്.