Connect with us

Gulf

മിനി ബസ് ട്രക്കിലിടിച്ച് എട്ട് മരണം; മരിച്ചവരില്‍ ഇന്ത്യക്കാരനും

Published

|

Last Updated

ദുബൈ :ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്നലെ പുലര്‍ച്ചെ 4.54ന് വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ച ആറ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഗുരുതരാവസ്ഥയിലുള്ള നാല് പേരും ഇന്ത്യക്കാരാണ്.

മിര്‍ദിഫ് സിറ്റി സെന്ററിന് സമീപമാണ് അപകടം. ഷാര്‍ജയിലേക്കുള്ള മിനി ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പോലീസും അഗ്നി ശമന സേനയും ഉടന്‍ സ്ഥലത്തെത്തിയെന്ന് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡി സി എ എസ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദുറായ് പറഞ്ഞു.
പരുക്കേറ്റവരെ റാശിദ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സുകളുടെയും പോലീസ് പട്രോളിംഗിന്റെയും അടിയന്തര പ്രതികരണ സംഘം സംഭവസ്ഥലത്തെത്തി.
മരിച്ച എട്ട് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഒരാള്‍ പാക്കിസ്ഥാനിയാണ്. പരുക്കേറ്റ ആറ് ഇന്ത്യക്കാരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജബല്‍ അലിയിലെ താമസ സ്ഥലത്ത് നിന്ന് വര്‍ഖയിലെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. തൊഴിലാളികളുമായി ഷാര്‍ജ ഭാഗത്തേക്ക് പോകുകയായിരുന്ന, 14 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിര്‍ദിഫ് സിറ്റി സെന്റര്‍ എക്‌സിറ്റിന് മുമ്പായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം കാരണമെന്ന് കരുതുന്നു.
ബസ് ഡ്രൈവറടക്കം എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകട കാരണം അന്വേഷിച്ചുവരികയാണെന്ന് ദുബൈ പോലീസ് സെക്യുരിറ്റി മീഡിയാ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.
ഫസ്റ്റ് സെക്യൂരിറ്റി കമ്പനി ജീവനക്കാരാണ് മിനി ബസിലുണ്ടായിരുന്നത്. പരുക്കേറ്റ നാല് ഇന്ത്യക്കാരുടെ നില ഗുരുതരമായി തുടരുന്നുവന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.

ഡ്രൈവറടക്കം 13 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. ട്രക്കുകളോ ബസുകളോ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എല്ലായ്‌പ്പോഴും മരണത്തിനും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നുവെന്ന് ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
മിനി ബസുകള്‍ 2019 ആദ്യ എട്ട് മാസങ്ങളില്‍ 34 ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമായി. ഇതില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍. 12 മരണങ്ങളും 87 പരിക്കുകളും ഉള്‍പെടെ 35 അപകടങ്ങള്‍. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ദുബൈ പോലീസിന്റെ സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. “ഡ്രൈവര്‍മാര്‍ റോഡില്‍ ശ്രദ്ധ ചെലുത്തണം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കരുത്” കേണല്‍ അല്‍ ഖാസിം പ്രസ്താവനയില്‍ പറഞ്ഞു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വേഗ പരിധി മാനിക്കണമെന്നും ശ്രദ്ധ തിരിക്കരുതെന്നും പാതകള്‍ മാറ്റുമ്പോള്‍ സൂചകങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest