Connect with us

Kerala

ബന്ദിപ്പൂര്‍ യാത്രാ നിരോധനം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമുന്നയിച്ചത്.

സുപ്രീം കോടതി നിര്‍ദേശമുള്ളതുകൊണ്ട് വളരെ പരിമിതമായി മാത്രമേ സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂവെന്നും എന്നാല്‍ ഒരു വിദഗ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിക്കുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി മാധ്യമങ്ങളോടു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സമിതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രീം കോടതിയെ വിശദമായി ധരിപ്പിക്കുമെന്ന് ജാവദേക്കര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

അതിനിടെ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വന്ന കാലതാമസത്തില്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ശകാരിച്ചു. പിണറായിയുടെ സാന്നിധ്യത്തിലായിരുന്നു ശകാരം. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന അധികച്ചെലവില്‍ ഒരു വിഹിതം ഏറ്റെടുക്കാമെന്ന ശിപാര്‍ശ കേരളം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്മാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതാണ്‌ ഗഡ്കരിയെ ചൊടിപ്പിച്ചത്. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത്തരമൊരു ആവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഇവിടേക്ക് വരേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. ബുള്‍ഡോസര്‍ കയറ്റിയാലേ നിങ്ങള്‍ പഠിക്കുകയുള്ളോവെന്ന് മന്ത്രി ഉദ്യോഗസ്ഥരോടു ചോദിച്ചു.

ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനം പകല്‍ സമയം കൂടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 14നുള്ളില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.