Connect with us

Kerala

വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ഥിത്വം; തന്നെ വെട്ടിയത് വി മുരളീധരനല്ലെന്ന് കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ഥിത്വത്തല്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നല്‍ കേന്ദ്രസഹമന്ത്രി മുരളീധരന്‍ അല്ലെന്ന് കുമ്മനം രാജശേഖരന്‍. മുരളീധരന്‍ എന്റെ പേര് വെട്ടിയെന്ന് പറയുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്.

മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അദ്ദേഹം കുറേ നാളുകളായി വിദേശത്തായിരുന്നു. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടാറില്ല. ഇടപെടേണ്ടതുമില്ല. ഇതെല്ലാം അടിസ്ഥാനരഹിതമായ പച്ച നുണകള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും കുമ്മനം പറഞ്ഞു.

മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. പാര്‍ട്ടി തീരുമാനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ജീവനാണ്. പാര്‍ട്ടിയുടെ ആദര്‍ശത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. സ്ഥാനമില്ലെങ്കിലും അധികാരമില്ലെങ്കിലും പാര്‍ട്ടിക്കൊപ്പമാണെന്നും കുമ്മനം പറഞ്ഞു.

വട്ടിയൂര്‍കാവിലും കോന്നിയിലും സി പി എമ്മുമായി ബി ജെ പി വോട്ട്കച്ചവടത്തിന് ശ്രമിക്കുന്നതായ കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണ് സി പി എമ്മുകാരുടെ ഒരു വോട്ടും ബി ജെ പിക്ക് വേണ്ട. വട്ടിയൂര്‍കാവില്‍ നേരത്തെ സി പി എ വോട്ടിലാണ് കെ മുരളീധരന്‍ ജയിച്ചത്. ഇത് വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമമാണ്. സി പി എം വട്ടിയൂര്‍കാവില്‍ മൂന്നാം സ്ഥാനത്ത് കിടക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും കുമ്മനം പറഞ്ഞു.