Connect with us

Kerala

ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി

Published

|

Last Updated

കൊച്ചി: അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി വേണമോയെന്നതില്‍ വ്യക്തതതേടി വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി. ഇത് സംബന്ധിച്ച് നേരത്തെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം വിജിലന്‍സ് തേടിയിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് നിയമ വകുപ്പിനെ സമീപിച്ചിരിക്കുന്നത്. നിയമോപദേശത്തിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയാണ് സമീപിച്ചത്.

അടുത്ത ദിവസം തന്നെ നിയമോപദേശം ലഭിക്കും. ഇത് അനുകൂലമായാല്‍ ഉടന്‍ തന്നെ പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി 17 എ പ്രകാരം പൊതുസേവകനെതിരെ അന്വേഷണമോ അറസ്റ്റടക്കമുള്ള നടപടികളോ നടക്കും മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്നാണ് ചട്ടം.

ഇബ്രാഹീം കുഞ്ഞിനെതിരായ ഗുരുതര ആരോപണങ്ങളാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് നടത്തിയിരിക്കുന്നത്. ഇതിനുള്ള ചില നിര്‍ണാക തെളിവുകളും വിജിലന്‍സ് ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ ഇബ്രാഹീംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest