സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ അല്‍ ഫര്‍ഗാമിന് യാത്രാമൊഴി; അല്‍ ശരാഇഹ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Posted on: October 1, 2019 12:05 am | Last updated: October 1, 2019 at 12:10 am

മക്ക: തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ അംഗ രക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫര്‍ഗാമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന ഇശാ നിസ്‌കാരത്തിനു ശേഷം മയ്യിത്ത് അല്‍ ശരാഇഹ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് ഇരുഹറമുകളുടെയും കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസി നേതൃത്വം നല്‍കി. സഊദി മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തു.

സുഹൃത്ത് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിനെ സന്ദര്‍ശിക്കാനെത്തിയ സമയത്താണ് അല്‍ ഫഗാമിന് തന്റെ മറ്റൊരു സുഹൃത്തില്‍ നിന്ന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സഊദി മുന്‍ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്റെ കാലത്താണ് അബ്ദുല്‍ അസീസ് അല്‍ ഫര്‍ഗാം അംഗരക്ഷകനായി ചുമതലയേല്‍ക്കുന്നത്. പത്ത് വര്‍ഷത്തോളം സുരക്ഷാ ചുമതല വഹിച്ച അല്‍ ഫര്‍ഗാം അബ്ദുല്ല രാജാവിന്റെ മരണ ശേഷം സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകനായി ചുതലയേല്‍ക്കുകയായിരുന്നു. വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയിനിംഗ് ലോകത്തിലെ മികച്ച അംഗ രക്ഷകനായി അദ്ദേഹത്തെ തിരഞ്ഞടുത്തിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച വിശ്വസ്തനായ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു അല്‍ ഫഗാം. വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ ഖബറടക്ക ചടങ്ങുകളില്‍ മുഴുവന്‍ സമയവും സല്‍മാന്‍ രാജാവ് ഉണ്ടായിരുന്നു.