ബലാത്സംഗക്കേസില്‍ ചിന്മയാനന്ദക്കും പണം തട്ടിയെന്ന പരാതിയില്‍ പെണ്‍കുട്ടിക്കും ജാമ്യം നിഷേധിച്ചു

Posted on: September 30, 2019 11:09 pm | Last updated: October 1, 2019 at 9:22 am

ലഖ്‌നൗ: നിയമ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ചിന്മയാനന്ദയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞാഴ്ച അറസ്റ്റിലായ വിദ്യാര്‍ഥിക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. ചിന്മയാനന്ദക്കെതിരെ ബലാത്സംഗത്തിന് പുറമെ ലൈംഗിക പീഡനത്തിനായി സ്ഥാപനത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിന്മയാനന്ദ ആശുപത്രി വിട്ടു. ലഖ്‌നൗവിലെ എസ് ജി പി ജി ഐ ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ചിന്മയാനന്ദയെ തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.