ഗുജറാത്തിലെ ബനാസ്‌കന്തയില്‍ ബസ് മറിഞ്ഞ് 21 പേര്‍ മരിച്ചു; 50 പേര്‍ക്ക് പരുക്ക്

Posted on: September 30, 2019 9:33 pm | Last updated: October 1, 2019 at 9:22 am

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബനാസ്‌കന്ത ജില്ലയിലെ ത്രിശൂലിയഘട്ടില്‍ ബസ് മറിഞ്ഞ് 21 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 35 പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കലക്ടര്‍ സന്ദീപ് സഗലെ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

അംബാജി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മധ്യ ഗുജറാത്തിലെ അങ്ക്‌ലാവിലേക്ക് മടങ്ങിയ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. എഴുപത് പേരെയും വഹിച്ച് യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസ് മഴയത്ത് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ബനാസ്‌കന്ത പോലീസ് സൂപ്രണ്ട് അജിത് രജിയന്‍ പറഞ്ഞു. ദുരന്തത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇരുവരും അനുശോചനമറിയിച്ചു.