ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ഓപ്പണറുടെ റോളില്‍ രോഹിത്?

Posted on: September 30, 2019 9:01 pm | Last updated: October 1, 2019 at 9:22 am

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു വേണ്ടി ആര് ഓപ്പണ്‍ ചെയ്യുമെന്നതു സംബന്ധിച്ച ക്രിക്കറ്റ് വൃത്തങ്ങളില്‍ ചര്‍ച്ച സജീവം. ഏകദിനത്തിലെ ബിഗ് ഹിറ്റര്‍ രോഹിത് ശര്‍മയിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്. ഓപ്പണിംഗില്‍ ലോകേഷ് രാഹുല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രോഹിതിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് സൂചനകള്‍.

ടെസ്റ്റില്‍ രോഹിത് ഒരു സ്ഥിരം സാന്നിധ്യമല്ല. ഇതേവരെ 27 ടെസ്റ്റുകളിലാണ് താരം ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. രോഹിത് കഠിനാധ്വാനിയാണെന്നും അവസരം ലഭിച്ചാല്‍ മികച്ച കളി പുറത്തെടുക്കുമെന്നും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. സവിശേഷ പ്രതിഭയുള്ള കളിക്കാരനാണ് രോഹിത്.

2013ല്‍ ആദ്യമായി ടെസ്റ്റ് സ്‌ക്വാഡിലെത്തിയ രോഹിത് കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയക്കെതിരെയാണ് ഏറ്റവുമവസാനം ടെസ്റ്റ് കളിച്ചത്. എന്നാല്‍, രോഹിതിന്റെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണം കഴിഞ്ഞ ദിവസം ദയനീയമായി പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹത്തില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പൂജ്യനായി രോഹിതിന് പുറത്തു പോകേണ്ടി വന്നു. ഓപ്പണ്‍ ചെയ്യുമ്പോഴും തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ രോഹിതിന് കഴിയേണ്ടതുണ്ടെന്ന് മുന്‍ ടെസ്റ്റ് താരം വി വി എസ് ലക്ഷ്മണ്‍ പറഞ്ഞു. അതിനു സാധിച്ചില്ലെങ്കില്‍ കളിയില്‍ താളം കണ്ടെത്താന്‍ രോഹിതിന് കഴിയാതെ വരും. മുമ്പ് ഓപ്പണ്‍ ചെയ്യേണ്ടി വന്നപ്പോള്‍ തന്റെ കളിയുടെ ഒഴുക്കിനെ അത് പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് ലക്ഷ്മണ്‍ തുറന്നു സമ്മതിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര വിജയിക്കാനായാല്‍ സ്വദേശത്ത് നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡ് ഇന്ത്യക്കു സ്വന്തമാകും. നിലവില്‍ പത്ത് പരമ്പര വിജയമെന്ന നേട്ടം ആസ്‌ത്രേലിയക്കൊപ്പം പങ്കിടുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര 2-0ത്തിന് നേടിയതോടെയാണ് ഇന്ത്യ ആസ്‌ത്രേലിയക്കൊപ്പമെത്തിയത്. 2013നു ശേഷം നാട്ടില്‍ നടന്ന പരമ്പരകളിലൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.

2015ലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. നാലു മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. ബൗളിംഗിലെ തുരുപ്പുശീട്ട് ജസ്പ്രീത് ബുംറയെ കൂടാതെയാകും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിറങ്ങുക. പുറംവേദനയെ തുടര്‍ന്നാണ് ബുംറക്ക് പുറത്തിരിക്കേണ്ടി വരുന്നത്.