Connect with us

Eranakulam

മരട്: ഒഴിപ്പിക്കുന്ന എല്ലാ താമസക്കാര്‍ക്കും പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന എല്ലാ താമസക്കാര്‍ക്കും പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മരടിന് സമാനമായ നിയമ ലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും മോശം കീഴ്‌വഴക്കം സൃഷ്ടിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണം.

വി എസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമാനമായ നിയമ ലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‌വഴക്കം സൃഷ്ടിക്കും.

മരടിലെ ഫ്‌ളാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക.

നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്‌ളാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്‌ളാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളൂ എന്നതിനാല്‍, ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ട്.