Connect with us

Achievements

സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് 2019-ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 മാനകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.

കഴിഞ്ഞ തവണയും പട്ടികയില്‍ കേരളം ഒന്നാമതെത്തിയിരുന്നു.അന്ന് സ്‌കോര്‍ 77.64 ആയിരുന്നു. എന്നാല്‍ 82.17 സ്‌കോര്‍ നേടിയാണ് കേരളം ഇപ്രാവശ്യം ഒന്നാം സ്ഥാനം നേടിയത്.

തമിഴ്‌നാട് (73.35), ഹരിയാന (69.54) എന്നിവയാണ് തൊട്ടുപിന്നില്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രീതികളുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയാനും അതുവഴി പുതിയ നിര്‍ദേശങ്ങള്‍ നല്‍കാനുമായാണ് നിതി ആയോഗ് SEQI തയ്യാറാക്കുന്നത്.

പട്ടിക തയ്യാറാക്കുന്നതിന്റെ എളുപ്പത്തിനായി വലിയ സംസ്ഥാനങ്ങള്‍ (20), ചെറിയ സംസ്ഥാനങ്ങള്‍ (8), കേന്ദ്രഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തിരിച്ചിരുന്നു. എട്ടാമതായിരുന്ന ഹരിയാന അഞ്ച് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഇത്തണവണ മൂന്നാമതെത്തിയത്

ആറ് സ്ഥാനങ്ങള്‍ മുന്നേറി ഏഴാമതെത്തിയ ഒഡിഷയാണ് ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഢും ഒന്നാംസ്ഥാനം നിലനിര്‍ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന്റെ ഈ നേട്ടം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാന്‍ പോവുകയാണ്. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയി കഴിഞ്ഞു. പ്രൈമറി സ്‌കൂളുകളിലെ ഹൈടെക് ലാബ് നിര്‍മ്മാണം പുരോഗമിക്കുന്നു. സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്. സ്‌കൂളുകള്‍ അടച്ചു പൂട്ടുകയല്ല, അവ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.