ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം; ഇനി സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്റസ്ട്രീസ് എംഡി

Posted on: September 30, 2019 4:20 pm | Last updated: September 30, 2019 at 9:35 pm

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നലകാന്‍ മന്ത്രി സഭാ യോഗം തിരുമാനിച്ചു. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്റസ്ട്രീസ് എംഡിയായാണ് നിയമനം. തിങ്കളാഴ്ച ഉച്ചയോടെ ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. പോലിസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റൊരു തസ്തികയില്‍ നിയമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോഴത്തെ നിയമനം. മൂന്ന് തവണ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തയാളാണ് ജേക്കബ് തോമസ്.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍

  • ക്ലീന്‍ കേരള കമ്പനിയെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്‌കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ 25 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും.
  • തൃശ്ശൂര്‍ പുല്ലൂറ്റ് കെ.കെ.റ്റി.എം. ഗവണ്‍മെന്റ് കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം ബിരുദ കോഴ്‌സിലേക്കായി ട്രാവല്‍ ആന്റ് ടൂറിസം വിഷയത്തില്‍ 4 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനു വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചു.
  • ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എം.ഡിയായി ഡോ. ബൈജു ജോര്‍ജിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു.
  • റിട്ട. ഐ.എഫ്.എസ് ഓഫീസര്‍ കെ.എ. മുഹമ്മദ് നൗഷാദിനെ പുനര്‍നിയമന വ്യവസ്ഥയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.