Connect with us

National

ഐഎന്‍എക്‌സ് മീഡിയ: പി ചിദംബരത്തിന് വീണ്ടും ജാമ്യം നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി. ചിദംബരം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വാദിച്ചു. ജാമ്യം ലഭിച്ചാല്‍ മറ്റൊരു രാജ്യത്ത് സുഖജീവിതം നയിക്കാനുള്ള സാമ്പത്തിക ശേഷി ചിദംബരത്തിന് ഉണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ജാമ്യം തടഞ്ഞ്.

40 ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ജോര്‍ ബാഗിലെ വീട്ടില്‍ നിന്നാണ് ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ചിദംബരത്തെ തിഹാര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 25 ദിവസമായി ചിദംബരം ജയിലിലാണ്.

2007 ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ 305 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐ കേസ്. ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പ് സഹസ്ഥാപകരായ ഇന്ദ്രാനിയും പീറ്റര്‍ മുഖര്‍ജിയയും 2007-08 ല്‍ ചിദംബരത്തെ കണ്ടുമുട്ടിയതിന് കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. തന്റെ മകന്റെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മന്ത്രി അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും സിബിഐ വാദിച്ചു.